ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഡോറിവല്‍ ജൂനിയര്‍ എത്തുന്നു

റിയോ ഡി ജനീറോ: ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ സാവോ പോളോ എഫ്സിയുടെ മാനേജര്‍ ഡോറിവല്‍ ജൂനിയര്‍ എത്തുന്നു. ബ്രസീലിന്റെ ക്ഷണം ഡോറിവല്‍ സ്വീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതിനായി ഡോറിവല്‍ ജൂനിയര്‍ സാവോ പോളോയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവച്ചതായി ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചു.

ലോകകപ്പ് യോഗ്യത മത്സരത്തിലെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്ന് ബ്രസീല്‍ കഴിഞ്ഞ ദിവസം താത്കാലിക പരിശീലകനായ ഫെര്‍ണാണ്ടോ ഡിനിസിനെ പുറത്താക്കിയിരുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ്ബായ ഫ്ളുമിനെന്‍സിന്റെ പരിശീലകന്‍ കൂടിയായ ഡിനിസ് ലോകകപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്. സ്ഥിരം പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എഡ്നാള്‍ഡോ റോഡ്രിഗസ് ദിനിസിനെ പുറത്താക്കിയത്.’സാവോപോളോയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതിനാല്‍ മാത്രമാണ് ഇത് സാധ്യമായത്, ആരാധകരുടെ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’, സാവോപോളോ പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോറിവല്‍ പറഞ്ഞു. ഈവര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ടീമിനെ ഒരുക്കുകയാണ് പുതിയ പരിശീലകനുമുന്നിലെ പ്രധാന വെല്ലുവിളി. ടീമിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഡോറിവല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

ഡോറിവലിന്റെ കരാര്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി 4.5 ദശലക്ഷം ബ്രസീലിയന്‍ റിയല്‍ നല്‍കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 22 വര്‍ഷത്തിലേറെ പരിശീലന പരിചയമുള്ളയാളാണ് 61കാരനായ ഡോറിവല്‍. സാന്റോസ് എഫ്സി, ഫ്ളമെംഗോ, അത്ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ ഇതിനോടകം ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിലെ ക്ലബ്ബായ സാവോ പോളോയ്ക്കൊപ്പവും ഫ്ളമെംഗോ, സാന്റോസ് എഫ്സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പവും ബ്രസീലിയന്‍ കപ്പും ഡോറിവല്‍ സ്വന്തമാക്കിയിട്ടുണ്ട്.

Top