റിയോ ഡി ജനൈറോ: ബ്രസീല്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി ഡൊറിവല്‍ ജൂനിയറിനെ നിയമിച്ചു. വ്യാഴാഴ്ചയാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനം പ്രഖ്യാപിച്ചത്. സാവോ പോളോ ക്ലബ്ബിന്റെ കോച്ചായിരുന്ന ഡൊറിവല്‍ ദേശീയടീമിന്റെ ചുമതലയേല്‍ക്കാനായി ഞായറാഴ്ച ക്ലബ്ബ് വിട്ടിരുന്നു.
കോപ്പ അമേരിക്ക ഫുട്ബോളിനുമുമ്പ് ഇറ്റാലിയന്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ പരിശീലകനാകുമെന്ന് കോണ്‍ഫെഡറേഷന്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം റയല്‍ മഡ്രിഡില്‍ കരാര്‍ നീട്ടിയതോടെ സാധ്യതയടഞ്ഞു. ഇതോടെയാണ് 61-കാരനായ ഡൊറിവലിനെ കണ്ടെത്തിയത്.നേരത്തേ, സാന്റോസ്, വാസ്‌കോ ഡി ഗാമ, ഫ്‌ലുമിനന്‍സ്, പാമിറസ്, ഫ്‌ലെമെംഗോ തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. കോപ്പ അമേരിക്ക ടൂര്‍ണമെന്റാണ് ഡൊറിവലിനുമുന്നിലെ ആദ്യദൗത്യം.
ലോകകപ്പ് യോഗ്യതാ ഫുട്ബോളില്‍ ഉള്‍പ്പെടെ ബ്രസീലിന്റെ പ്രകടനം മോശമായതിനാല്‍ താത്കാലിക പരിശീലകന്‍ ഫെര്‍ണാണ്ടോ ഡിനിസിനെ കഴിഞ്ഞ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.