പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് നാളെ സർവകക്ഷിയോഗം ചേരും. മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. നാളെ വൈകീട്ട് 3.30 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സുരക്ഷ ശക്തമാക്കി. തുടർ അക്രമങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങൾ അടക്കം കർശന നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
പാലക്കാട് ജില്ലയിൽ സുരക്ഷയ്ക്കായി കോയമ്പത്തൂരിൽ നിന്നും 500 പൊലീസുകാരടങ്ങിയ സംഘം എത്തി. എറണാകുളത്തു നിന്നും ഒരു ബറ്റാലിയനുമെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ജില്ലയിൽ ക്യാമ്പ് ചെയ്ത് സുരക്ഷ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നു.
ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചു. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.