തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട വോട്ട് വിവാദമായിരിക്കെ ബിഹാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ എച്ച്.ആര്‍. ശ്രീനിവാസ കേരളത്തിലെത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം കഴിഞ്ഞ മാസം 26നു കേരളത്തില്‍ എത്തിയത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐടി വിഭാഗം ചുമതല വഹിക്കുന്നത് ശ്രീനിവാസയാണ്. ആറോളം ഐടി വിദഗ്ധരും അദ്ദേഹത്തോടൊപ്പം കേരളത്തിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ അദ്ദേഹം കേരളത്തില്‍ തുടരും.
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 4,34,000 ഇരട്ടവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുകയും വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയും ചെയ്തതിനു പിന്നാലെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കു പ്രകാരം 38,500 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയതായാണ് ഹൈക്കോടതിയെ അറിയിച്ചത്.
ഇതേത്തുടര്‍ന്ന് ഇരട്ട വോട്ടുള്ളവര്‍ ബൂത്തിലെത്തുമ്പോള്‍ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നു വ്യക്തമാക്കിയുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണം, ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കാം എന്നിങ്ങനെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കോടതി അംഗീകരിച്ചിരുന്നു.