ഇരട്ടവോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ ഇരട്ടവോട്ടില്‍ ശക്തമായ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ടവോട്ടുകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരട്ടവോട്ടുള്ളവര്‍ പരാതി നല്‍കണം. പട്ടികയില്‍ പേരുള്ളവരല്ല, ഉദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യജ വോട്ടര്‍മാരെ സൃഷ്ടിച്ചത് സിപിഎമ്മാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇരട്ടവോട്ടിന് പിന്നില്‍ ഉദ്യോഗസ്ഥ ലോബിയാണ്. വ്യാജ വോട്ടര്‍മാരെ തിരികി കയറ്റി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇടത് സര്‍വീസ് സംഘടനകളാണ് വ്യാജ വോട്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇനിയെങ്കിലും കമ്മീഷന്‍ ഇടപെടണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നാല് ലക്ഷത്തിലധികം വ്യാജ വോട്ടുകള്‍ ചെയ്യിപ്പിക്കാതിരിക്കാനുള്ള നടപടി വേണം. ഇത് സംബന്ധിച്ച് പലതവണ കമ്മീഷന് കത്തുകള്‍ നല്‍കിയതാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നോട്ട് വരണം. എല്ലാവരും വെബ്‌സൈറ്റില്‍ കയറി ഇരട്ട വോട്ട് ഉണ്ടോ എന്ന് പരിശോധിക്കണം, ഉണ്ടെങ്കില്‍ പരാതിപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തരം വോട്ടുകളുടെ ബലത്തിലാണ് ഇടതുപക്ഷം ജയിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

Top