ഇരട്ട വോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയില്‍ കോടതിയുടെ തീര്‍പ്പ്. ഇരട്ട വോട്ട് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹർജി തീര്‍പ്പാക്കിയത്.
പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ കൃത്യമായി ശേഖരിക്കുമെന്നും ഇരട്ടവോട്ടുള്ളവരുടെ വിവരങ്ങള്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക നല്‍കണമെന്നും നിര്‍ദേശമുണ്ട്.
ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാനും കോടതി അനുവാദം നല്‍കിയിട്ടുണ്ട്. മാത്രമല്ല ഇരട്ട വോട്ടുകള്‍ ഉള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരില്‍ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങണമെന്നും നിര്‍ദേശമുണ്ട്. തപാല്‍ വോട്ടുകള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കാനും കോടതി നിര്‍ദേശമുണ്ട്.
തെരഞ്ഞെടുപ്പ് തീയതി അടുത്തതിനാല്‍ ഇരട്ടവോട്ടുകള്‍ ഇല്ലാതാക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചെന്നിത്തല മുന്നോട്ടു വച്ച ഭൂരിഭാഗം നിര്‍ദേശങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.