ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. 2023ല്‍ ഇന്ത്യ ലോകകപ്പ് നേടുമെന്ന് എനിക്കുറപ്പില്ല. ടീമിന്റെ മധ്യനിരയില്‍ ഒത്തിരി പ്രശ്നങ്ങള്‍ കാണുന്നു എന്നുമാണ് യുവരാജ് പറഞ്ഞത്. മികച്ചൊരു സംഘത്തെ കണ്ടെത്തണമെങ്കില്‍ കുറച്ച് മത്സരങ്ങള്‍ കൂടി ഇനിയും കളിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യ ഒരു ലോകകിരീടം നേടിയില്ല എന്നത് നിരാശാജനകമാണെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ കാര്യമായ പ്രശ്നങ്ങളില്ല. പക്ഷേ മധ്യനിരയിലേക്ക് വന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത ആവശ്യമായി വരും. നാലും അഞ്ചും പൊസിഷനുകള്‍ നിര്‍ണായകമാണ്. നാലാം നമ്പറില്‍ വരുന്ന ബാറ്റര്‍ അടിച്ചുകളിക്കാരനായതുകൊണ്ട് കാര്യമില്ല. സമ്മര്‍ദത്തിന് കീഴ്പ്പെടാതെ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകാനാകണം അത്തരിത്തിലൊരു കളിക്കാരനെയാണ് ആവശ്യമെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആരാണ് നാലാം നമ്പറില്‍ യോജിച്ച ബാറ്ററെന്ന ചോദ്യത്തിന് ലോകേഷ് രാഹുല്‍ എന്നായിരുന്നു യുവരാജിന്റെ മറുപടി. റിങ്കു സിങിനെ പരിഗണിക്കാമെന്നും യുവരാജ് വ്യക്തമാക്കി. ഐ.പി.എല്ലിലെ മികച്ച ഫോമാണ് റിങ്കുവിന്റെ പേര് പറയാന്‍ യുവരാജിനെ പ്രേരിപ്പിച്ചത്. സെലക്ഷന്‍ കമ്മിറ്റി തലപ്പത്തേക്കുള്ള അജിത് അഗാര്‍ക്കറിന്റെ നിയമനം മികച്ചതാണെന്നും യുവരാജ് അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയിപ്പോള്‍ വിന്‍ഡീസുമായുള്ള പരമ്പരയിലാണ്. ആദ്യം രണ്ട് ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ശേഷമാണ് ഏകദിന പരമ്പര. ലോകകപ്പ് അടുത്തിരിക്കെ ഏകദിന പരമ്പരയിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.