ഐ.പി.എസ് ബുദ്ധിക്കും മീതെയാണ് കര്‍ഷകരുടെ ‘ബുദ്ധി’ ദോവല്‍ ഞെട്ടി !

ങ്ങനെ ഒരു കുരുക്ക് അത് സ്വപ്നത്തില്‍ പോലും ഒരുപക്ഷേ മോദി സര്‍ക്കാര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഏത് പ്രതിസന്ധിയെയും ചാണക്യ ബുദ്ധിയോടെ നേരിടുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും കര്‍ഷക സമരത്തിന് മുന്നില്‍ നിസഹായനാണ്. കേന്ദ്ര സര്‍ക്കാറിന്റെ സകല കുതന്ത്രങ്ങളെയും പൊളിച്ചടുക്കിയാണ് ഒറ്റ മനസ്സുമായി കര്‍ഷകര്‍ രാജ്യ തലസ്ഥാനം വളഞ്ഞിരിക്കുന്നത്. മൂന്നു ലക്ഷത്തോളം കര്‍ഷകരാണ് ഡല്‍ഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ പിരിഞ്ഞു പോകില്ലെന്നതാണ് കര്‍ഷകരുടെ നിലപാട്.

താങ്ങുവിലയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഉത്തരവാക്കിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധമായ ചര്‍ച്ചകള്‍ വീണ്ടും തുടരുമെന്നാണ് കേന്ദ്രവും അറിയിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹി – ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലുള്ള ഗാസിപുര്‍, നോയിഡ എന്നിവിടങ്ങളിലും കര്‍ഷകര്‍ വ്യാപകമായി ഇപ്പോള്‍ തമ്പടിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് ഐ.ബിയും കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

കര്‍ഷകരെ അനുനയിപ്പിച്ച് ബുറാരി മൈതാനത്തേക്ക് എത്തിക്കാനുള്ള കേന്ദ്രത്തിന്റെ ചാണക്യ ബുദ്ധി പൊളിച്ചത് സി.പി.എം അനുകൂല കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയാണ്. കിസാന്‍ സഭ നേതാക്കള്‍ മറ്റു കര്‍ഷക സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഇതിലെ അപകടം ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് കര്‍ഷക സംഘടനകള്‍ ഒറ്റക്കെട്ടായി ബുറാരി മൈതാനത്തേക്ക് പോകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. കര്‍ഷകരെ ബുറാരി മൈതാനത്തേക്ക് മാറ്റി അവിടം താല്‍ക്കാലിക ജയിലാക്കി മാറ്റാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. ഇതാണ് കര്‍ഷകര്‍ ഒറ്റക്കെട്ടായി പൊളിച്ചു കളഞ്ഞിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ അവിടെ നല്‍കുന്ന ഭക്ഷണം സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതും കര്‍ഷക സംഘടനകള്‍ ഐക്യകണ്‌ഠേനയാണ്. സമരമുഖത്ത് പാകം ചെയ്ത് കൊണ്ടു പോയ ഭക്ഷണമാണ് ചര്‍ച്ചയുടെ ഇടവേളയില്‍ നേതാക്കള്‍ കഴിച്ചിരുന്നത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും ഇപ്പോള്‍ വൈറലാണ്.
കര്‍ഷക സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ട്രക്കുകള്‍ കൂടി പണിമുടക്കുന്നതോടെ രാജ്യത്തെ ഭക്ഷ്യ സംവിധാനം തന്നെയാണ് നിശ്ചലമാകുവാന്‍ പോകുന്നത്. ഇന്ത്യയിലെ സങ്കീര്‍ണ്ണമായ ഈ അവസ്ഥയെ ആകാംക്ഷയോടെയാണ് ലോക രാജ്യങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കര്‍ക്കശക്കാരനായ ഭരണാധികാരിയെന്ന ഇമേജുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷക സമരത്തിന് മുന്നില്‍ അമ്പരന്ന് നില്‍ക്കുന്നത് വിവിധ രാഷ്ട്ര തലവന്‍മാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെ നേരിട്ട കൈകളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ ഇപ്പോള്‍ വിറച്ച് പോയിരിക്കുന്നത്. രാജ്യം കാക്കുന്ന അനവധി സൈനികരുടെ വൃദ്ധരായ പിതാക്കള്‍ ഉള്‍പ്പെടെയാണ് കൊടും തണുപ്പിലും അണയാത്ത പോരാട്ട വീര്യവുമായി തെരുവില്‍ നിലയുറപ്പിച്ചിരിക്കുന്നത്. സമരമുഖത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ മടങ്ങിപ്പോകില്ലെന്ന കടുത്ത നിലപാടിലാണ് കര്‍ഷകര്‍. ഇതിനിടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതിനിടെ മരിച്ച 2 കര്‍ഷകരുടെ കുടുംബാംഗങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രായമായ കര്‍ഷകരുടെ ആരോഗ്യ അവസ്ഥ മോശമായിട്ടും വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാതെ സമരമുഖത്ത് തുടരാന്‍ തന്നെയാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പോരാട്ട വീര്യം രാജ്യത്തെ പൊരുതുന്ന മനസ്സുകള്‍ക്ക് നല്‍കിയിരിക്കുന്നത് വലിയ ആവേശമാണ്.

അതേസമയം രണ്ടാംഘട്ട മന്ത്രിതല ചര്‍ച്ചകള്‍ കൂടി പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടുണ്ട്. ഇനിയുള്ള ചര്‍ച്ചകളിലെങ്കിലും തീരുമാനം ഉണ്ടാകണമെങ്കി, കേന്ദ്ര സര്‍ക്കാര്‍ വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അത് ഉണ്ടാകുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. കര്‍ഷക സമര നേതൃത്വത്തില്‍ കമ്യൂണിസ്റ്റുകള്‍ ഇടപെടുന്നതാണ് പിടിവാശിക്ക് കാരണമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ സി.പി.എം കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ ലോങ്ങ് മാര്‍ച്ചാണ് ഇപ്പോഴത്തെ ചലോ ഡല്‍ഹി മാര്‍ച്ചിന്റെ പ്രേരകശക്തിയെന്നാണ് കണ്ടെത്തല്‍. ഇതോടെ ഇടതുപക്ഷ നേതാക്കളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലായിട്ടുണ്ട്.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കര്‍ഷക സമരം തിരിച്ചടിയാകുമോ എന്ന ഭയം ബി.ജെ.പി നേതൃത്വത്തിനുമുണ്ട്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സമര തീ പടരുന്നതിനെ ആശങ്കയോടെയാണ് സംഘപരിവാര്‍ സംഘടനകളും വീക്ഷിക്കുന്നത്. യോഗി ആദിത്യനാദിന്റെ യു.പിയില്‍ പോലും കര്‍ഷക പ്രതിഷേധം ശക്തമാണ്. 2022-ല്‍ തുടര്‍ ഭരണം ലക്ഷ്യമിടുന്ന യോഗിയെ സംബന്ധിച്ച് കര്‍ഷക രോക്ഷം തികച്ചും അപ്രതീക്ഷിതമാണ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിന് നേരെ തുടക്കത്തില്‍ ബലപ്രയോഗത്തിന് മുതിര്‍ന്നത് ബി.ജെ.പി സര്‍ക്കാറുകള്‍ക്കെതിരെയും ഡല്‍ഹി പൊലീസിനെതിരെയും വലിയ പ്രതിഷേധത്തിനാണ് വഴിവച്ചിരുന്നത്. ദില്ലി പൊലീസിന് പുറമെ സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫ്, സിഐഎസ് എഫ് അടക്കമുളള കേന്ദ്ര സേനകളെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ഡ്രോണ്‍ ക്യാമറ നിരീക്ഷണവും വ്യാപകമായി നടത്തുന്നുണ്ട്.

ഏത് വിധേനെയും കര്‍ഷകരെ തടയാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം ഫലപ്രദം എന്ന കാര്യത്തില്‍ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് തന്നെ നിലവില്‍ സംശയമുണ്ട്. ലാത്തി ചാര്‍ജ് ചെയ്തും വെടിവെച്ചും പിരിച്ച് വിടപെടേണ്ടവരല്ല അന്നം തരുന്ന കര്‍ഷകരെന്ന ബോധം കാക്കിപ്പടയ്ക്ക് ശരിക്കുമുണ്ട്. കര്‍ഷകര്‍ സ്വയം പിരിഞ്ഞ് പോകാതെ പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കുമെന്നത് കേന്ദ്ര സര്‍ക്കാറിന് ബോധ്യമായാലും ഇല്ലെങ്കിലും പൊലീസിന് ശരിക്കും ബോധ്യമുണ്ട്. ഭക്ഷണം കൊടുത്ത കൈക്ക് തന്നെ കടിച്ചാലും പ്രശ്‌നമില്ലെന്ന നിലപാടില്‍ തന്നെയാണ് സമരമുഖത്ത് പൊലീസിനും കര്‍ഷകര്‍ ഭക്ഷണം വിളമ്പിയിരിക്കുന്നത്.

അതേസമയം, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍ പത്മവിഭൂഷണ്‍ പുരസ്‌കാരം തിരികെ നല്‍കിയതും മോദി സര്‍ക്കാറിനിപ്പോള്‍ വലിയ തിരിച്ചടിയായിട്ടുണ്ട്. ജനാധിപത്യ ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്‌ദേവ് സിങ് ധിന്‍സയും പത്മഭൂഷണ്‍ തിരികെ നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യം നല്‍കിയ ആദരവാണ് കര്‍ഷക സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഇവര്‍ തിരിച്ചേല്‍പ്പിക്കുന്നത്. ഇതിനിടെ സമരം കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും ഇപ്പോള്‍ വ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധാഗ്നിയില്‍ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നാണ് ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ നടന്ന കര്‍ഷക സമരത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സി.പി.എം എംപി കെ.കെ. രാഗേഷ് തുറന്നടിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്കു പിന്തുണയറിയിച്ച് ബിനോയ് വിശ്വം എംപി, ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്നിവരും ഹരിയാന അതിര്‍ത്തിയിലെ സിംഘുവിലെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അത് രാജ്യത്തെ ഗുരുതരമായി തന്നെ ബാധിക്കും.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും നിരുപാധികം റദ്ദാക്കുക എന്നതിനപ്പുറം മറ്റ് ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാനില്ലെന്നതാണ് കര്‍ഷക സംഘടനകളുടെ ഉറച്ച നിലപാട്. മോദിയും അമിത് ഷായും അജിത് ദോവലും എല്ലാം വെട്ടിലായിരിക്കുന്നതും ഈ നിലപാടിന് മുന്നില്‍ തന്നെയാണ്. കര്‍ഷക സമരത്തിന് മുന്നില്‍ മുട്ടുമടക്കിയാല്‍ അത് കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. പ്രതിപക്ഷത്തെ സംബന്ധിച്ചാകട്ടെ പുതിയ ഊര്‍ജമാണ് അതോടെ ലഭിക്കാന്‍ പോകുന്നത്.

Top