തൊടുപുഴ: ആശങ്കകള്‍ക്ക് വിരാമമിട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് താഴ്ന്നു. മഴ മാറിനിന്നതും തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങിയതുമാണ് ജലനിരപ്പ് താഴ്ത്തിയത്.
വേനല്‍കാലം മുന്നില്‍കണ്ട് പരമാവധി വെള്ളം സംഭരിച്ചു നിര്‍ത്താനുള്ള നടപടികളും തമിഴ്‌നാട് ആരംഭിച്ചു. പെരിയാര്‍ തീരവാസികള്‍ ആശങ്കനിറച്ച് 26 ദിവസമാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിക്കുമുകളില്‍ തമിഴ്‌നാട് നിലനിര്‍ത്തിയത്.
ഇതിനിടയില്‍ ശക്തമായ മഴയില്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന് മനസിലാക്കിയതോടെ മൂന്നു തവണ ഷട്ടറുകള്‍ തുറന്നുവിട്ടു. അതും രാത്രികാലങ്ങളില്‍ മുന്നറിയിപ്പു പോലുമില്ലാതെ. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ക്ക വഴിവെക്കാതെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു.
നീരൊഴുക്ക് സെക്കന്‍ഡില്‍ 804 ഘനയടിയായി ചുരുങ്ങിയതിനു പുറമെ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതും ജലനിരപ്പ് താഴാന്‍ സഹായകമായി. ജലനിരപ്പ് 138 അടിയിലേക്ക് അടുക്കുന്നതോടെ തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് പരമാവധി കുറയ്ക്കാനാണ് സാധ്യത. വേനല്‍കാലത്ത് തേനിയിലെ പച്ചക്കറി പാടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനും കുടിവെള്ളത്തിനും വെള്ളം സംഭരിച്ചു നിര്‍ത്തുകയാണ് ലക്ഷ്യം.
വൈദ്യുതി ഉത്പാദനത്തിലൂടെ ലഭിക്കുന്ന കോടികളും തമിഴ്‌നാട് ലക്ഷ്യം വെക്കുന്നു. വൈഗ അണക്കെട്ടില്‍ 90 ശതമാനം വെള്ളം നിറഞ്ഞു കിടക്കുന്നതും തമിഴനാടിന് കൂടുതല്‍ അനുഗ്രഹമായി.
മുല്ലപ്പെരിയാറിലെ സ്പില്‍വെ ഷട്ടറുകള്‍ മൂന്ന് തവണ തുറന്നപ്പോള്‍ മുക്കാല്‍ ടിഎംസി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. വൈദ്യുതി ഉത്പാദനത്തിലൂടെ 15 കോടിയുടെ ലാഭവും കേരളത്തിന് ഇതിലൂടെ ലഭിച്ചു.