Downgrading in Police Force; Chief Secretary against Home Sectretary

തിരുവനന്തപുരം : നാല് ഡി.ജി.പി മാരെ എ.ഡി.ജി.പി മാരായി തരംതാഴ്ത്താനുള്ള നീക്കത്തിനെതിരെ ചീഫ് സെക്രട്ടറിയും രംഗത്ത്. കഴിഞ്ഞ സര്‍ക്കാര്‍ ഡി.ജി.പി മാരായി സ്ഥാനക്കയറ്റം നല്‍കിയ ഹേമചന്ദ്രന്‍, എന്‍.ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നീ എ.ഡി.ജിപി മാരെയാണ് ഡി.ജി.പി. മാരായി സര്‍ക്കാര്‍ ഉദ്യോഗക്കയറ്റം നല്‍കിയിരുന്നത്. ആറ് മാസത്തേക്ക് ഇത്തരത്തില്‍ ഉദ്യോഗക്കയറ്റം നല്‍കാന്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന കാര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.

മൂന്ന് മാസം മുന്‍പെടുത്ത ഈ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതോടെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയാണ് നീക്കം നടത്തിയത്. ഇതു സംബന്ധമായ തങ്ങളുടെ ആശങ്ക ഡി.ജി.പി മാര്‍ സര്‍ക്കാരിനെ അറിയിക്കുക കൂടി ചെയ്തതോടെ അന്തിമ തീരുമാനമെടുക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

ഡി.ജി.പി മാര്‍ക്കൊപ്പം ഇതേ രൂപത്തില്‍ സ്ഥാനക്കയറ്റം ലഭിച്ച ഐ.എ.എസുകാര്‍ക്ക് ഒരു നിയമവും ഐ.പി. എസ് ഉദ്യോഗസ്ഥര്‍ക്ക് മറ്റൊരു നിയമവും നടപ്പാക്കുന്നത് വിവേചനമാണെന്ന വാദമുയര്‍ന്നതാണ് സര്‍ക്കാരിനെ ധര്‍മ്മസങ്കടത്തിലാക്കിയിരുന്നത്.

ഇതോടെയാണ് ആഭ്യന്തര സെക്രട്ടറിയെ തള്ളി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് തന്നെ ഇപ്പോള്‍ ഈ വിഷയത്തില്‍ രംഗത്ത് വന്നിരിക്കുന്നത്.

മുന്‍പ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഈ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ആനുകൂല്യം ഇപ്പോള്‍ എടുത്ത് കളഞ്ഞാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഉദ്യോഗസ്ഥരെ നിരാശരാക്കുന്ന നടപടിയായി പോകുമെന്നുമാണ് ചീഫ് സെക്രട്ടറിയുടെ വാദം.

എന്നാല്‍ ആഭ്യന്തര സെക്രട്ടറിയാകട്ടെ മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയുമാണ്. അന്തിമ നിലപാട് പൊതുഭരണ വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയാണ് ഇനി സ്വീകരിക്കുക.

ഇപ്പോഴത്തെ ആശയകുഴപ്പത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്. ഇന്റലിജന്‍സ് മേധാവിയായ ഹേമചന്ദ്രനെ ഫയര്‍ ഫോഴ്‌സ് മേധാവിയാക്കാനാണ് ആലോചനയെങ്കിലും ഉത്തരവായി പുറത്തിറങ്ങിയിട്ടില്ല.

ഇന്റലിജന്‍സ് എ.ഡി.ജി.പി യായി ആര്‍. ശ്രീലേഖ ചാര്‍ജ്ജെടുക്കുക കൂടി ചെയ്തതോടെ രഹസ്യപൊലീസ് ആസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങളാണ് നിലവില്‍.

പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പി അനില്‍കാന്തിനെ ജയില്‍ ഡിജിപിയാക്കിയതോടെ ആ സ്ഥാനവും ഒഴിഞ്ഞ് കിടക്കുകയാണ്. ഇവിടെ തന്നെ നവീകരണ വിഭാഗം എ.ഡി.ജി.പി യായിരുന്ന ബി സന്ധ്യയെ ദക്ഷിണമേഖല എ.ഡി.ജി.പി യാക്കിയതിന്റെ ഒഴിവും ഇതുവരെ നികത്തിയിട്ടില്ല.

Top