Dowry free marriage in Nilambur

നിലമ്പൂര്‍: സ്ത്രീധനവിപത്തിനെതിരെയുള്ള സന്ദേശമായി രണ്ടു സ്ത്രീധനരഹിത വിവാഹങ്ങള്‍ക്ക് നിലമ്പൂര്‍ വേദിയായി.സ്ത്രീധനരഹിത ഗ്രാമമെന്ന പദ്ധതി നിലമ്പൂരില്‍ നടപ്പാക്കിയ മുന്‍ നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ മകളുടെ വിവാഹത്തിനോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച മൂന്നു സ്ത്രീധനരഹിത വിവാഹത്തില്‍ രണ്ടെണ്ണമാണ് ഇവിടെ നടന്നത്. ഒരു വിവാഹം പിന്നീട് നടക്കും.

marg1

വിവിധ മതനേതാക്കളുടെയും പൗരപ്രമുഖരുടെയും നാട്ടുകാരുടെയും ആശീര്‍വാദ അനുഗ്രങ്ങളുമായാണ് വിവാഹം നടന്നത്. ഷൗക്കത്തിന്റെ മകള്‍ ഓഷിന്‍സാഗയുടെയും ഫറോക്ക് കല്ലമ്പാറയിലെ ദാറുല്‍ശിഫ വീട്ടിലെ ഡോ. എ. മുഹമ്മദ് ഹനീഫയുടെ മകന്‍ മൂസ അര്‍ഷാദിന്റെയും വിവാഹ സല്‍ക്കാരം നടന്ന ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയം തന്നെയാണ് സ്ത്രീധനരഹിത വിവാഹത്തിന് വേദിയായത്. വിവാഹചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഇരുവരും എത്തിയിരുന്നു. മകളുടെ വിവാഹത്തിനൊപ്പം തന്നെ മൂന്നു വിവാഹങ്ങളും നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഒപ്പം വിവാഹം കഴിക്കേണ്ടുന്ന കുട്ടികള്‍ക്ക് പരീക്ഷ ആയതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

നിലമ്പൂര്‍ മുദീരിയിലെ നാലകത്ത് അബൂബക്കര്‍ മൗലവിയുടെ മകന്‍ ശംസു ഫിര്‍സാദും മമ്പാട്ടമൂല സക്കീര്‍ഹുസൈന്‍ സ്വലാഹിയുടെ മകള്‍ സഫയും അബൂബക്കര്‍മൗലവിയുടെ മകന്‍ തൗഫീഖ് അസ്‌ലമും ഗൂഢല്ലൂര്‍ ദേവാല സ്വദേശി മുഹമ്മദ് ഇസ്മയിലിന്റെ മകള്‍ സുമയ്യുമാണ് നിലമ്പൂരിന്റെ പൊതുസമൂഹത്തെ സാക്ഷിനിര്‍ത്തി വിവാഹിതരായത്. ഹൈദരബാദ് ഇഫ്‌ളു കാമ്പസില്‍ വിദ്യാഭ്യാസത്തില്‍ പിഎച്ച്.ഡി ഗവേഷകനാണ് ശംസു ഫിര്‍സാദ്. നേരത്തെ ബി.എഡും എം.എഡും പാസായിരുന്നു. സഫ നിലമ്പൂര്‍ അമല്‍കോളേജില്‍ അവസാന വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തൗഫീസ് അസ്‌ലം പ്ലസ്ടു കഴിഞ്ഞ് ഗള്‍ഫില്‍ ജോലിനോക്കുകയായിരുന്നു. സുമയ്യ എരഞ്ഞിമങ്ങാട് അറബിക് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

mrg3

ദമ്പതികള്‍ക്ക് സ്വര്‍ണവും വസ്ത്രങ്ങളും വിവാഹ ചെലവുകളും ആര്യാടന്‍ ഷൗക്കത്ത് വഹിച്ചു. ചടങ്ങിനു ശേഷം ഇരുകുടുംബങ്ങളുടെയും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ 1500 പേര്‍ക്ക് വിരുന്നും നല്‍കി. വിവാഹത്തിന് ഷിഹാബ് എടക്കര കാര്‍മ്മികത്വം വഹിച്ചു.

സ്ത്രീധനരഹിത വിവാഹം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പെണ്‍കുട്ടികളുടെ ആത്മഹത്യക്കും കണ്ണീരിനും കാരണമായ സ്ത്രീധനം സമൂഹത്തില്‍ നിന്നും തുടച്ചുനീക്കണമെന്ന് ആര്യാടന്‍ പറഞ്ഞു. സ്ത്രീധന സമ്പ്രദായം നിയമംമൂലം നിരോധിച്ചിട്ടും സത്രീധനത്തിന് സാമൂഹിക അംഗീകാരം ലഭിക്കുന്ന അവസ്ഥയാണെന്നും ഇതിനെതിരെ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം രംഗത്തുവരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു. ആര്യാടന്‍ ഷൗക്കത്ത്, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, ഫാ. മാത്യൂസ് വാഴക്കൂട്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍ , വി.എ കരീം, മുജീബ് ദേവശേരി, പി.എം ബഷീര്‍, ഇ.കെ സലീം എന്നിവര്‍ സംസാരിച്ചു. വിവാഹചടങ്ങിനു ശേഷം രണ്ടായിരത്തോളം പേര്‍ക്ക് വിരുന്നു സല്‍ക്കാരവും നല്‍കി.

Top