കൊച്ചി: ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തില്‍ പൊലീസ് ഇടപെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. മിസ്കോളില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണെന്നും പോക്സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തങ്ങള്‍ ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനം ശക്തമായ നടപടികള്‍ ഉണ്ടായാല്ലേ അവസാനിക്കൂ. പ്രതിപക്ഷം മകള്‍ക്കൊപ്പം ക്യാപെയ്ന് ഊര്‍ജ്ജിതമാക്കും. യുവജന, മഹിളാ സംഘടനകള്‍ ഇത് ഏറ്റെടുക്കണം. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സര്‍ക്കാര്‍ വിവരങ്ങള്‍ മറച്ചുവെച്ചത് എന്ത് ന്യായീകരണത്തിലെന്ന് വ്യക്തമാക്കണം.
ഐസിഎംആര്‍ നിര്‍ദ്ദേശപ്രകാരമല്ല കൊവിഡ് മരണം സംസ്ഥാനത്ത് തീരുമാനിച്ചിരുന്നത്. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണക്കണക്കുകള്‍ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ കളക്ടര്‍മാര്‍ വിചാരിച്ചാല്‍ യഥാര്‍ത്ഥ പട്ടിക പുറത്ത് വിടാനാകും. കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി ആര്‍ക്ക് നല്‍കണമെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണകടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സര്‍ക്കാരിനും ഭയമാണ്. ഇവരെ പാര്‍ട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താല്‍ പാര്‍ട്ടിയെ ഇവര്‍ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ട്. ഏപ്രില്‍ മൂന്നിന് നടന്ന സംഭവത്തില്‍ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നല്‍കുന്നത്. ഹാജരാകില്ലെന്ന കെ സുരേന്ദ്രന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.