കാസര്‍കോട്: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും രണ്ടാമത്തെ കുഞ്ഞിനെ ഭ്രൂണഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും യുവതിയുടെ പരാതി. കാസര്‍കോട് കൊട്ടോടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭര്‍തൃവീട്ടില്‍ നിന്ന് തല്ലിപ്പുറത്താക്കിയെന്നും രണ്ട് കുഞ്ഞുങ്ങളെ പോറ്റാന്‍ വഴിയില്ലാതെ ഗതികേടിലാണെന്നും റസീന പറയുന്നു.
പതിനെട്ടാം വയസില്‍ സ്‌നേഹിച്ചയാളിനൊപ്പം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിപ്പോയതാണ് റസീന. എന്നാല്‍ ഒരുമിച്ചായി ഒരു വര്‍ഷത്തിനിപ്പുറം സ്‌നേഹത്തേക്കാള്‍ വലുത് സ്ത്രീധനമായി. മുപ്പത് പവനെങ്കിലും കുറഞ്ഞത് നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യം കുത്തുവാക്കുകളും ചീത്തവിളിയും തുടങ്ങിയത് ഭര്‍തൃമാതാവെന്ന് റസീന. പിന്നീട് സ്ത്രീധനം വേണമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഷാക്കിറിന്റെ മര്‍ദ്ദനവും തുടങ്ങി.
മൂന്ന് വര്‍ഷം മുമ്പ് സ്ത്രീധന പീഡനം ആരോപിച്ച് റസീന പെലീസില്‍ പരാതി നല്‍കിയിരുന്നു. ഇനി പ്രശ്‌നങ്ങളുണ്ടാവില്ലെന്നും ഭാര്യയേയും കുഞ്ഞിനെയും നന്നായി നോക്കാമെന്നും ഷാക്കിര്‍ നല്‍കിയ ഉറപ്പില്‍ റസീനയുടെ പരാതിയിലുണ്ടായിരുന്ന പൊലീസ് കേസ് ഒത്തുതീര്‍പ്പായി. പക്ഷെ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പലവതണ പറഞ്ഞിട്ടും ഷാക്കിര്‍ തയ്യാറായില്ലെന്ന് റസീന പറയുന്നു. എട്ട് മാസം മുമ്പ് സാമ്പത്തികഭദ്രതയുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായ ഷാക്കിര്‍ അവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ വീണ്ടും മര്‍ദ്ദനം തുടങ്ങുകയായിരുന്നു.
രോഗികളായ അച്ഛനും അമ്മയുമുള്‍പ്പെടെ റസീനയുടെ വീട്ടിലാര്‍ക്കും വരുമാനമില്ല. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുന്ന ഷാക്കിറിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് റസീന. മര്‍ദ്ദിച്ചെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും സ്വന്തം ഇഷ്ടത്തിന് കൂടെപ്പോന്നയാള്‍ അതുപോലെ തന്നെ തിരിച്ചുപോയെന്നുമാണ് ഷാക്കിറിന്റെ പ്രതികരണം.