സ്ത്രീധനമായി ഫലവൃക്ഷത്തൈകള്‍ മതിയെന്ന്; യുവാവിന്റെ തീരുമാനം ശ്രദ്ധേയമാകുന്നു

ഭുവനേശ്വര്‍: ഫലവൃക്ഷത്തൈകള്‍ മാത്രം സ്ത്രീധനമായി നല്‍കിയാല്‍ മതിയെന്ന് പ്രഖ്യാപിച്ച യുവാവ് താരമാകുന്നു. സരോജ് കാന്ത ബിശ്വാള്‍ എന്ന അധ്യാപകനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

സ്ത്രീധനസമ്പ്രദായത്തോട് തനിക്ക് എതിര്‍പ്പാണെന്ന് സരോജ് പറയുന്നു. കുട്ടിക്കാലം മുതല്‍ താനൊരു പ്രകൃതി സ്‌നേഹിയുമായിരുന്നു. അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ വധുവിന് സമ്മാനമായി 1001 ഫലവൃക്ഷത്തൈകള്‍ നല്‍കിയാല്‍ മതിയെന്ന് ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് പറഞ്ഞു.

വധുഗൃഹത്തില്‍ വെച്ച് വളരെ ലളിതമായ രീതിയിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുന്നത്. വാദ്യഘോഷങ്ങളോ കരിമരുന്ന് പ്രകടനങ്ങളോ ഒന്നും വിവാഹത്തോടനുബന്ധിച്ചുണ്ടാവില്ലെന്നും വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചു. സരോജിന്റെ പ്രതിശ്രുതവധു രശ്മിരേഖയും സ്‌കൂള്‍ അധ്യാപികയാണ്.

Top