മലപ്പുറം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ താത്കാലിക വിസിയായി ഡോ. പി സി ശശീന്ദ്രന്‍ ചുമതലയേറ്റു. വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വി സി എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം. സിദ്ധാര്‍ത്ഥന്റെ കുടുബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും ചുമതലയേറ്റ ഡോ. പി സി ശശീന്ദ്രന്‍ പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് വെറ്ററിനറി സര്‍വ്വകലാശാല വിസി എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് വി സി എം ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ത്ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉണ്ട്. സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടും പുറത്തു വന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റല്‍, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലില്‍ കിടന്നുറങ്ങിയ വിദ്യാര്‍ത്ഥിയെ വിളിച്ച് മര്‍ദ്ദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
31-ല്‍ 19പേരാണ് സിദ്ധാര്‍ഥിനോട് മൃഗീയമായി പെരുമാറിയത്. ബെല്‍റ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മര്‍ദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോര്‍മെറ്ററിയിലെ കട്ടിലില്‍ ഇരുന്നപ്പോള്‍ അവിടെ വെച്ചും മര്‍ദ്ദിച്ചു.സിദ്ധാര്‍ത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.