കൊച്ചി: കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും ഓര്‍ത്തു ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍. താനുള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ചില കാതലായ വിഷയങ്ങളെ കേവലം സിനിമാ കോമാളി സീനുകളുമായി കൂട്ടിക്കെട്ടി ഒരു ചാനല്‍ വൈകിട്ടത്തെ അവരുടെ തമാശ പരിപാടിയില്‍ അവതരിപ്പിച്ച ചാനലുകള്‍ ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ ചില മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും ഓർത്തു ലജ്ജ തോന്നുന്നു. കേരള ചലച്ചിത്ര പുരസ്‌കാര ചടങ്ങിലെ മുഖ്യാതിഥി വിഷയത്തിൽ ഞാൻ ഉൾപ്പെടെ ഉള്ളവർ ഉയർത്തിയ ചില കാതലായ വിഷയങ്ങളെ കേവലം സിനിമാ കോമാളി സീനുകളുമായി കൂട്ടിക്കെട്ടി ഒരു ചാനൽ വൈകിട്ടത്തെ അവരുടെ തമാശ പരിപാടിയിൽ അവതരിപ്പിച്ചിരുന്നു. ആ വിഷയത്തിന്റെ രാഷ്ട്രീയം മനസ്സിലാക്കാതെ അത് കോമാളിത്തരം ആക്കിയ ആ ചാനൽ പിന്നീട് പല വിഷയങ്ങളിലും വാർത്താ ചർച്ചയ്ക്ക് വിളിച്ചപ്പോൾ ഞാൻ ഈ വിഷയം ചൂണ്ടിക്കാട്ടി ഇനി നിങ്ങളുടെ ചാനലിൽ ഒരു ചർച്ചയ്ക്കും എത്തില്ല എന്ന് പറഞ്ഞു പിന്മാറി. ആ രാഷ്ട്രീയ ബോധമില്ലാത്ത രാഷ്ട്രീയ കോമഡി (?) പരിപാടിയുടെ അവതാരകൻമാരെപ്പോലെയുള്ള ആളുകൾ ഉള്ള ചാനലിൽ ചർച്ചകൾക്ക് പോകാതിരിക്കുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്. ഇന്നത്തെ WCC പ്രസ് മീറ്റും സമകാലികമായ മറ്റ് ചില വിഷയങ്ങളും ചില പത്ര പ്രവർത്തകർ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ഇവരെയൊക്കെ ബഹിഷ്കരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട രാഷ്ട്രീയ പ്രവർത്തനം എന്ന് കൂടുതൽ ഉറപ്പാകുന്നു..