dr biju statement

ലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ സ്ഥാനം ഏറ്റെടുക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഡോ. ബിജുവിന്റെ തുറന്ന കത്ത്.

സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും നല്‍കിയ കത്തിന്റെ പൂര്‍ണ്ണ രൂപം തന്റെ ഫേസ്ബുക്ക് പേജിലും കുറിച്ചിട്ടുണ്ട്.

തികച്ചും ധാര്‍മികത മാത്രം മുന്‍നിര്‍ത്തി ആണ് തീരുമാനമെന്നും ചലച്ചിത്ര അക്കാദമിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും എല്ലാ വിധ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ ഉണ്ടായിരിക്കും എന്ന് കത്തില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ സ്ഥാനം ഏറ്റെടുക്കാത്തത് സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങളും പ്രചാരണങ്ങളും ഉണ്ടാകാതിരിക്കുന്നതിനായി സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഇത് സംബന്ധിച്ച് ഞാന്‍ നല്‍കിയ കത്തിന്റെ ഉള്ളടക്കം താഴെ നല്‍കുന്നു . തികച്ചും ധാര്‍മികത മാത്രം മുന്‍നിര്‍ത്തി ആണ് ഈ തീരുമാനം . ചലച്ചിത്ര അക്കാദമിയുടെയും സാംസ്‌കാരിക വകുപ്പിന്റെയും എല്ലാ വിധ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണമായ പിന്തുണ ഉണ്ടായിരിക്കും.

കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് ,

കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുള്ളതായി മാധ്യമങ്ങളില്‍ നിന്നും അറിയുന്നു . ചലച്ചിത്രവുമായി ബന്ധപ്പെട്ട ഒരു അക്കാദമിക് സ്ഥാപനത്തിന്റെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ ഒരാളായി എന്റെ പേര് കൂടി ഉള്‍പ്പെടുത്തിയത് തീര്‍ച്ചയായും വലിയ അംഗീകാരമായി ഞാന്‍ കാണുന്നു . അക്കാദമി ചെയര്‍മാന്‍ ശ്രീ. കമലിനും സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ .കെ . ബാലനും ഇതിലുള്ള നന്ദിയും സ്‌നേഹവും അറിയിക്കുകയും ചെയ്യുന്നു .

ഇവരുടെ നേതൃത്വത്തില്‍, ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ ക്രിയാത്മകതയോടെയും ഊര്‍ജ്ജസ്വലമായും മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. നല്ല സിനിമകള്‍ നിര്‍മിക്കുവാനും പ്രദര്‍ശിപ്പിക്കുവാനും അംഗീകരിക്കുവാനും ഒപ്പം അത്തരം സിനിമകളെ കൂടുതല്‍ അന്തര്‍ ദേശീയ തലത്തില്‍ എത്തിക്കുവാനും പുതിയ ചെറുപ്പക്കാര്‍ക്ക് വിട്ടുവീഴ്ചകളില്ലാതെ കലാമൂല്യ സിനിമകള്‍ നിര്‍മിക്കുവാന്‍ സഹായം ലഭ്യമാകുന്ന തരത്തില്‍ സാംസ്‌കാരിക അന്തരീക്ഷം സൃഷ്ടിക്കാനും ഉതകുന്ന തരത്തില്‍ ചലച്ചിത്ര അക്കാദമിയെയും കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും പുതുക്കി നിര്‍വചിക്കാന്‍ ശ്രീ കമലിന്റെ നേതൃത്വത്തിന് സാധ്യമാകണം എന്നും ഞാന്‍ ആഗ്രഹിക്കുന്നു .

ശ്രീ . കമല്‍ , മഹേഷ് പഞ്ചു ,ബീനാ പോള്‍ എന്നീ അക്കാദമിയുടെ ഭാരവാഹികളും റസൂല്‍ പൂക്കുട്ടി, കെ . ആര്‍ . മോഹന്‍ ,സിബി മലയില്‍ , സി. എസ് . വെങ്കിടേശ്വരന്‍ തുടങ്ങിയ പ്രഗത്ഭര്‍ ഉള്‍പ്പെട്ട ജനറല്‍ കൗണ്‍സിലിനും ഇത്തരത്തില്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ നവീകരിക്കാന്‍ സാധിക്കും എന്നും ഞാന്‍ കരുതുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാമൂല്യ സിനിമകളുമായി സജീവ ബന്ധം പുലര്‍ത്തുന്ന ആളുകളെയാണ് കൂടുതലായും ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്നതും ഏറെ സന്തോഷവും പ്രതീക്ഷയും നല്‍കുന്നു .ഇങ്ങനെയുള്ള പ്രഗത്ഭര്‍ അടങ്ങിയ ജനറല്‍ കൗണ്‍സിലിലേക്ക് എന്റെ പേര് കൂടി ഉള്‍പ്പെടുത്തിയതിലുള്ള നന്ദി ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു കൊണ്ട് എന്റെ ഒരു പ്രതിസന്ധി തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു .

നിരന്തരമായി സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ സിനിമകള്‍ എല്ലാ വര്‍ഷവും സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കും , കേരള ചലച്ചിത്ര മേളയ്ക്കും പരിഗണനക്കായി സമര്‍പ്പിക്കാറുണ്ട് (ആ സിനിമകളുമായി ബന്ധപ്പെട്ട നിരവധി സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അവരുടെ മേഖലകളില്‍ പുരസ്‌കാര സാധ്യതകള്‍ ഉണ്ടെങ്കില്‍ അതിനുള്ള അവസരം നിഷേധിക്കരുത് എന്ന ചിന്തയോടെയാണ് പുരസ്‌കാരങ്ങള്‍ക്ക് എന്റെ സിനിമകള്‍ സമര്‍പ്പിക്കുന്നത്). പക്ഷെ, ചലച്ചിത്ര അക്കാദമിയുടെ ഒരു തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയില്‍ ഇരുന്നു കൊണ്ട് അക്കാദമിയുടെ തന്നെ ചുമതലയിലുള്ള അവാര്‍ഡുകള്‍ക്കും മേളയ്ക്കുമായി സിനിമകള്‍ സമര്‍പ്പിക്കുന്നത് ശരിയായ ഒരു രീതിയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ചലച്ചിത്ര അക്കാദമിയുടെ നിയമാവലി അനുസരിച്ച് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് തങ്ങളുടെ സിനിമകള്‍ അവാര്‍ഡിനും മേളയ്ക്കും സമര്‍പ്പിക്കുന്നതില്‍ നിയമപരമായും സാങ്കേതികമായും തടസ്സങ്ങള്‍ ഇല്ല. മുന്‍ കാലങ്ങളില്‍ അത്തരം കീഴ്വഴക്കങ്ങള്‍ ഉണ്ടായിട്ടുമുണ്ട് . പക്ഷെ ധാര്‍മികമായി ഇത് ശരിയല്ല എന്നാണു വ്യക്തിപരമായി ഞാന്‍ വിശ്വസിക്കുന്നത് .അതുകൊണ്ട് തന്നെ ഈ ധാര്‍മികത മുന്‍നിര്‍ത്തി അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ സ്ഥാനത്ത് പ്രവര്‍ത്തിക്കുവാന്‍ ആശയപരമായി ബുദ്ധിമുട്ടുണ്ട് എന്ന് വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ . ജനറല്‍ കൗണ്‍സില്‍ സ്ഥാനം ഏറ്റെടുക്കണം എന്ന് ശ്രീ കമല്‍ സാര്‍ മാസങ്ങള്‍ക്ക് മുന്‍പ് എന്നോട് ആവശ്യപ്പെട്ടപ്പോഴും ഞാന്‍ ഇതേ മറുപടി തന്നെയാണ് നല്‍കിയിരുന്നത് . ലോകത്തെ പല ചലച്ചിത്ര മേളകളിലും പങ്കെടുക്കുന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ അനുഭവങ്ങള്‍ അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആണ് എന്റെ എതിര്‍പ്പിനെ മറികടന്ന് ഈ സ്ഥാനത്തേക്ക് എന്റെ പേര് സ്‌നേഹത്തോടെ നിര്‍ദ്ദേശിക്കുവാന്‍ കാരണം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ നിലപാടുകളിലും ആശയങ്ങളിലും ഉറച്ച് നില്‍ക്കണം എന്ന് വിശ്വസിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ധാര്‍മികതയുടെ പേരില്‍ ജനറല്‍ കൗണ്‍സില്‍ സ്ഥാനത്ത് നിന്നും എന്നെ ഒഴിവാക്കി തരണം എന്ന് സ്‌നേഹത്തോടെ അപേക്ഷിക്കുന്നു .

ചലച്ചിത്ര അക്കാദമിയുടെ ക്രിയാത്മകമായ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എന്റെ ഭാഗത്ത് നിന്നുമുള്ള പൂര്‍ണ പിന്തുണയും സഹകരണവും സഹായവും ഉണ്ടാകും എന്ന് കൂടി അറിയിച്ചു കൊള്ളട്ടെ.
സ്‌നേഹാദരങ്ങളോടെ,
ഡോ : ബിജു,

Top