കൊച്ചി: യുവ നടന്‍ ഷെയിന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ ഡോക്ടര്‍ ബിജു രംഗത്ത്. മലയാള സിനിമ മൊത്തമായിട്ട് ഏതെങ്കിലും സംഘടനകള്‍ക്കായി തീറെഴുതി നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സിനിമയില്‍ ഒരു അഭിനേതാവിനെയോ സംവിധായകനെയോ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരേയോ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ഡോ. ബിജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;
ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവര്‍ത്തകരെയോ മലയാള സിനിമയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാന്‍ ഈ സംഘടനകള്‍ക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളില്‍ പ്രവര്‍ത്തിപ്പിക്കില്ല എന്ന് വേണമെങ്കില്‍ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം ഇവര്‍ക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചത്. ഈ നാട്ടിലെ സ്വതന്ത്ര സിനിമാ നിര്മാതാക്കള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും അവര്‍ക്ക് താല്പര്യമുള്ള ആരെയും വെച്ചു സിനിമ ചെയ്യാന്‍ പൂര്‍ണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യം ആണിത്…അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തില്‍ അല്ല സിനിമകള്‍ ചെയ്യുന്നതും ജീവിക്കുന്നതും.മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകള്‍ക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം.
എന്‍.ബി: ന്യൂ ജന്‍ സിനിമാ സെറ്റില്‍ ഡ്രഗ് പരിശോധന വേണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ന്യൂ ജെന്‍ സിനിമാ സെറ്റില്‍ മാത്രം ആക്കണ്ട, എല്ലാ സെറ്റുകളിലും ആയിക്കോട്ടെ, ഡ്രഗ് മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും അന്വേഷിക്കാവുന്നതാണ് എല്ലാ സെറ്റുകളിലും. ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും ഇന്‍വെസ്റ്റ് ചെയ്യുന്ന സിനിമകള്‍ ധാരാളം ഉണ്ടാകുമ്പോള്‍ കള്ളപ്പണത്തിന്റെ സാധ്യത കൂടി അന്വേഷിക്കാം. നിര്മാതാക്കളുടെയും താരങ്ങളുടെയും ടാക്സ് , ബിനാമി ബിസിനസുകള്‍, ഭൂ മാഫിയ ബന്ധങ്ങള്‍ , വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങള്‍, എല്ലാം അന്വേഷണ പരിധിയില്‍ വരട്ടെ.