ഷാരുഖ് ഖാന് ഒരു തുറന്ന കത്തുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍

ളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് വമ്പന്‍ വിജയമായി പ്രദര്‍ശനം തുടരുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. ചിത്രം റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ ഓരോന്നായി ജവാന്‍ തകര്‍ക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ച ചിത്രം ഇതിനോടകം1,093.31 കോടി കളക്ഷന്‍ നേടിയിട്ടുണ്ട്. സാധാരണ ബോളിവുഡ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് അറ്റ്‌ലിയുടെ ജവാന്‍ എത്തിയത്. അതിനാല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

തീയറ്ററുകളില്‍ മികച്ച വിജയത്തോടെ ചിത്രം പോകുമ്പോള്‍ ഷാരുഖ് ഖാന് ഒരു തുറന്ന കത്തുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍ എത്തിയിരിക്കുകയാണ്. ജവാന്‍ കണ്ടുവെന്നും ഗോരാഖ്പൂര്‍ സംഭവം ചിത്രത്തില്‍ കൊണ്ടുവരാന്‍ കാണിച്ച തീരുമാനം ഏറെ സ്വാധീനിച്ചുവെന്നും കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

‘പ്രിയപ്പെട്ട ഷാറൂഖ് ഖാന്, നിങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കുന്നെന്ന് വിശ്വസിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ജവാന്‍ കണ്ടു. നിര്‍ണായകമായ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാര്‍ഗമായി സിനിമയെ ഉപയോഗിച്ച നിങ്ങളുടെ അസാധാരണമായ പ്രതിബദ്ധതക്ക് അഭിനന്ദനങ്ങള്‍. ഗൊരഖ്പൂര്‍ മസ്തിഷ്‌ക ജ്വരത്തിന്റെ ദാരുണമായ സംഭവത്തിന്റെ തീവ്രമായ ചിത്രീകരണം എന്റെ ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചു. സംഭവവുമായും അതിന്റെ അനന്തരഫലങ്ങളുമായും വ്യക്തിപരമായ ബന്ധം പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍, ഈ കഥ സ്‌ക്രീനില്‍ കൊണ്ടുവരാനുള്ള നിങ്ങളുടെ തീരുമാനം എന്നെ ഏറെ സ്വാധീനിച്ചു. ‘ജവാന്‍’ ഒരു സാങ്കല്‍പ്പിക സൃഷ്ടിയാണെന്ന് ഞാന്‍ മനസ്സിലാക്കുമ്പോള്‍, ഗോരഖ്പൂര്‍ ദുരന്തത്തില്‍ ഇരയായ നിരപരാധികളുടെ ജീവിതത്തിന്റെ ശക്തമായ ഓര്‍മ്മപ്പെടുത്തലാണ്.

നമ്മുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനുള്ളില്‍ ഉത്തരവാദിത്തത്തിന്റെ അടിയന്തിര ആവശ്യകതയെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സന്യ മല്‍ഹോത്രയുടെ ഡോ. ഈറാം ഖാന്‍ എന്ന കഥാപാത്രം എന്നെ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, ഞാന്‍ നേരിട്ട അനുഭവങ്ങളാണ് കാണിച്ചത്. ചിത്രത്തില്‍ യഥാര്‍ഥ കുറ്റവാളിയെ പിടികൂടിയത് ഹൃദ്യമായി, എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ യഥാര്‍ഥ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുന്നുണ്ടെങ്കിലും, എന്റെ ജോലി തിരികെ ലഭിക്കാന്‍ ഞാന്‍ ഇപ്പോഴും പാടുപെടുകയാണ്. കൂടാതെ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കളും ഇപ്പോഴും നീതിക്കായി ഇപ്പോഴും കാത്തിരിക്കുന്നു’.

ചിത്രത്തിന്റെ സംവിധായകന്‍ അറ്റ്‌ലിക്കും, മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും അദ്ദേഹം കത്തില്‍ നന്ദി അറിയിച്ചു. ഷാരുഖിന്റെ മറുപടിക്കായ് കാത്തിരിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.

Top