ഡോ. ഷഹനയുടെ ആത്മഹത്യയില്‍ വനിതാ ശിശു വികസന വകുപ്പ് റിപ്പോര്‍ട്ട് ഇന്ന്, ശേഷം നടപടിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടറായ ഷഹനയുടെ ആത്മഹത്യയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്ത്രീധനം ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡോ ഷഹനയുടെ മരണത്തില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം നടന്നത്.

അതേസമയം, ഷഹനയുടെ മരണത്തില്‍ ആരോപണ വിധേയനായ ഡോ റുവൈസ് പിടിയിലായി. മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കത്തിനിടയിലാണ് റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഷഹനയുടെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസിന് മേല്‍ സമ്മര്‍ദം കടുക്കുകയായിരുന്നു. റുവൈസ് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. നേരത്തെ, ഡോ റുവൈസിനെ ഹോസ്റ്റലിലും വീട്ടിലും തിരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല. പെണ്‍കുട്ടിയുടെ മാതാവും സഹോദരനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റുവൈസിനെതിരെ കേസെടുത്തത്.

തിരുവനന്തപുരത്തെത്തിച്ച റുവൈസിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയര്‍ന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തില്‍ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാന്‍ കാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ നീക്കം.

Top