പറഞ്ഞതെല്ലാം വിഴുങ്ങി ഡോ.മുനീർ, നഷ്ടമായത്’ കെട്ടിപ്പൊക്കിയ ഇമേജ് !

മുസ്ലീംലീഗ് നേതാവ് എം.കെ മുനീറിന്  ഇത് കഷ്ടകാലമാണ്. മുസ്ലീംലീഗിനുള്ളില്‍ ഏറ്റവും ശക്തമായ എതിര്‍പ്പാണ് മുനീര്‍ ഇപ്പോള്‍ നേരിടുന്നത്. സി.എച്ചിന്റെ മകനായിരുന്നില്ല എങ്കില്‍ എന്നേ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം പുറത്താകുമായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ആഞ്ഞടിച്ചത് മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യാവിഷന്‍ ചാനല്‍ ആയിരുന്നു. മാധ്യമ സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞ്  അദ്ദേഹം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും ലീഗിലെ പ്രബല വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത് മുനീര്‍ ചാനല്‍ തുടങ്ങിയതു തന്നെ  കുഞ്ഞാലിക്കുട്ടിയെ ഒതുക്കാനാണ് എന്നതാണ്.ഇന്ത്യാവിഷന്‍ ഇന്നില്ലങ്കിലും കുഞ്ഞാലിക്കുട്ടി വിഭാഗത്തിനെതിരെ ഇപ്പോഴും അണിയറയില്‍ പട നയിക്കുന്നത് മുനീര്‍ തന്നെയാണ്. അദ്ദേഹത്തിന് പിന്നില്‍ കെ.എം ഷാജി ഉള്‍പ്പെടെയുള്ള ഒരു ചെറിയ വിഭാഗവുമുണ്ട്.

യു.ഡി.എഫില്‍ തുടര്‍ന്നാല്‍, പാര്‍ട്ടി തന്നെ ഇല്ലാതാകുമോ എന്നതാണ്  ലീഗിലെ പ്രബല വിഭാഗത്തെ ആശങ്കപ്പെടുത്തുന്നത്. ഇടതുപക്ഷം അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഏത് നിമിഷവും ലീഗ് മുന്നണി വിടുമെന്ന ഭയം കോണ്‍ഗ്രസ്സിനുമുണ്ട്. ഇത്തരമൊരു ഭയം മുന്‍ നിര്‍ത്തി പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കികള്‍  മുനീറില്‍ സ്വാധീനം ചെലുത്തിയതിന്റെ കൂടി പരിണിത ഫലമാണ് മുഖ്യമന്ത്രിക്കെതിരെയും കാള്‍ മാര്‍ക്‌സിനെതിരെയും  മുനീര്‍ നടത്തിയ പ്രകോപന പ്രസംഗം. ഇതാകട്ടെ, സി.പി.എമ്മിനേക്കാള്‍ ചൊടിപ്പിച്ചത് ലീഗ് സംസ്ഥാന നേതൃത്വത്തെയാണ്. സി.പി.എമ്മിനു അനുകൂലമായി സാദിഖലി ശിഹാബ് തങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചതിനു തൊട്ടു പിന്നാലെ, ഇടതുപക്ഷത്തെ മുനീര്‍ കടന്നാക്രമിച്ചതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നത്. നേതൃത്വത്തിന്റെ ഈ അതൃപ്തി മനസ്സിലാക്കിയ മുനീര്‍ പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, ”ഇടതുപക്ഷത്തേക്ക് ലീഗ് ഒരിക്കലും പോകില്ലന്ന് പറയാന്‍ കഴിയില്ലന്നു” തി രുത്തുകയുണ്ടായി. ഈ പ്രസ്താവന വിവാദമായപ്പോള്‍  വീണ്ടും മലക്കം മറിഞ്ഞാണ് മുനീര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

‘മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന വിഷസര്‍പ്പത്തെ എടുത്ത് മടിയില്‍ വെക്കരുതെന്നാണ് ‘ തന്റെ അഭിപ്രായമെന്നാണ്  മുനീറിന്റെ പുതിയ നിലപാട്. ഒരിക്കലും അവരുമായി ചേര്‍ന്ന് പോകുന്നതിനെക്കുറിച്ച്  മുസ്‌ലിം ലീഗ് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള വിശദീകരണ വിഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുപക്ഷത്തേക്ക് ലീഗ് പോകുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ ആരും തന്നെ മുനീറിനെ ചുമതലപ്പെടുത്തിയിട്ടില്ല. അയാള്‍ തന്നെയാണ് സ്വയം നിലപാട് വ്യക്തമാക്കിയിരുന്നത്. മീഡിയവണ്‍ എഡിറ്റോറിയലിലാണ്, ”ഇടതുപക്ഷത്തേക്ക് ഒരിക്കലും പോകില്ലന്ന് പറയാനാകില്ലന്ന പരാമര്‍ശം മുനീര്‍ നടത്തിയത്. അങ്ങനെ പറഞ്ഞ മുനീറാണ് ഇപ്പോള്‍  ”താന്‍ സി.എച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കില്‍ എനിക്ക് ഒരു നിലപാടേ ഉള്ളൂ എന്നും. അത് ,മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്ന വിഷസര്‍പ്പത്തെ എടുത്ത് മടിയില്‍ വെക്കരുത് എന്നുള്ളത് തന്നെയാണെന്നും വ്യക്തമാക്കിയിരിക്കുന്നത്. മുനീറിന്റെ ഈ നിലപാട് അവസരവാദ പരമായ നിലപാടാണ്. ആണും പെണ്ണും കെട്ട നിലപാട് എന്നു തന്നെ പറയേണ്ടി വരും. പിണറായിയെ സാരിയുടുപ്പിക്കാന്‍ ശ്രമിച്ച മുനീര്‍  സ്വയം സാരിയുടുത്ത അവസ്ഥയാണിത്. സി.എച്ചിനെ പോലും മോശമാക്കുന്ന നിലപാട് മാറ്റമാണിത്.

കേരളത്തില്‍, മുസ്ലിംലീഗ് പിന്തുടര്‍ന്ന കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കാലമൊക്കെ കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം മുനീറും മനസ്സിലാക്കണം. സമസ്തയുടെ നിലപാടുകളിലെ മാറ്റത്തില്‍ തന്നെ അതു വ്യക്തവുമാണ്. ബിജെപിയോടും ആര്‍എസ്എസിനോടും ഇല്ലാത്ത വിരോധം ഇടതുപക്ഷത്തോട് വയ്‌ക്കേണ്ട ഒരു കാര്യവും ലീഗിനില്ല. വൈകിയെങ്കിലും പാണക്കാട് തങ്ങന്‍മാര്‍ക്ക് അതു മനസ്സിലായി തുടങ്ങിയിട്ടുണ്ട്. അതില്‍ മുനീര്‍ വിളറി പിടിച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സി.പി.എമ്മിനോട് ലീഗ് കൊണ്ടുനടക്കുന്നത്. പ്രത്യയശാസ്ത്ര എതിര്‍പ്പോ നയനിലപാടുകളോടുള്ള വിയോജിപ്പോ അല്ല പൈതൃകമായ അബദ്ധധാരണകളാല്‍ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി  കൊണ്ടുനടക്കുന്ന സമീപനം മാത്രമാണത്.

ആദ്യരണ്ടുപതിറ്റാണ്ടില്‍ കോണ്‍ഗ്രസില്‍നിന്നും അനുഭവിക്കേണ്ടി വന്ന അവഗണനയും അവഹേളനവും നിന്ദയും പുച്ഛവും വിസ്മരിച്ചാണ് മുസ്ലിംലീഗ് നേതൃത്വം പ്രതിസന്ധി ഘട്ടത്തില്‍ തുണച്ച കമ്യൂണിസ്റ്റ് പാര്‍ടികളെ തള്ളിപ്പറഞ്ഞിരുന്നത്. ലീഗ് ശുദ്ധ വര്‍ഗീയ പാര്‍ടിയാണെന്ന് സാക്ഷ്യപ്പെടുത്തി  അവരുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് ശഠിച്ചത് സാക്ഷാല്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ്. അക്കാര്യം മുനീര്‍ മറന്നു പോകരുത്. അങ്ങനെയാണ്, 1960-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിഎസ്പി ലീഗ് മുന്നണി സര്‍ക്കാരുണ്ടാക്കിയിട്ടും മുസ്ലിംലീഗിന് അധികാരപങ്കാളിത്തം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നത്. ഒടുവില്‍, സീതി സാഹിബിന് സ്പീക്കര്‍ സ്ഥാനം നല്‍കി സമാധാനിപ്പിക്കുകയാണ് ഉണ്ടായത്. എന്നാല്‍, സീതി സാഹിബിന്റെ വിയോഗശേഷം സ്പീക്കറാകാന്‍ കുപ്പായം തുന്നിവന്ന സി എച്ച് മുഹമ്മദ് കോയയോട് അതായത് മുനീറിന്റെ പിതാവിനോട്  ലീഗിന്റെ തൊപ്പി ഊരിവയ്ക്കണമെന്നാണ്  സി.കെ ഗോവിന്ദന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നത്.

അപമാനിതനായ സി എച്ചും ലീഗും അതിന് വഴങ്ങിയതും ചരിത്രമാണ്. ഇതൊന്നും തന്നെ മുനീര്‍ മറക്കരുത്. 1965ലെ തെരഞ്ഞെടുപ്പില്‍  40 സീറ്റ് നേടി സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയപ്പോള്‍ മുസ്ലിംലീഗിന് കിട്ടിയത് കേവലം ആറ് സീറ്റുകള്‍ മാത്രമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ മറ്റൊരു തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നപ്പോള്‍ ലീഗ് ഇ.എം.എസ് നയിക്കുന്ന സപ്തമുന്നണിയിലെത്തുകയാണ് ഉണ്ടായത്. പ്രഥമ ഇ.എം.എസ് മന്ത്രിസഭയെ താഴെയിറക്കാന്‍ വിമോചനസമരം നടത്തിയ അഞ്ചു കക്ഷികള്‍, 1967 ആയപ്പോഴേക്കും  ഇ എം എസിനെ പിന്താങ്ങിയത് മനോഹരമായ ഒരു കാഴ്ച തന്നെ ആയിരുന്നു. ലീഗ് നേതാക്കളായ സി.എച്ച് മുഹമ്മദ് കോയയും അഹമ്മദ് കുരിക്കളുമാണ്  രണ്ടാം ഇ.എം.എസ് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നത്. ജനപക്ഷ നിലപാടു സ്വീകരിച്ച ഈ മന്ത്രിസഭയെ നിലംപരിശാക്കുന്നതിലും മുസ്ലീംലീഗാണ് പ്രധാന പങ്കുവഹിച്ചിരുന്നത്.തുടര്‍ന്ന്, 1975ല്‍, മുസ്ലിം ലീഗ് ഒരു പിളര്‍പ്പിനെ നേരിട്ടപ്പോള്‍ അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്. ആരും തന്നെ അന്ന്  കമ്യൂണിസ്റ്റുകളെ മുസ്ലിങ്ങളുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിരുന്നില്ല. അതും, സി.എച്ചിന്റെ മകന്‍ ഓര്‍ത്തുകൊള്ളണം.

പള്ളികളില്‍ കമ്യൂണിസ്റ്റ് വിരോധം വിളമ്പാനുള്ള മുനീര്‍ ഉള്‍പ്പെടെയുള്ളവരുടെ നീക്കങ്ങളോട് യോജിക്കാന്‍  ലീഗ് വോട്ട് ബാങ്കായ സമസ്ത തയ്യാറാകാതിരുന്നത് സമുദായത്തിലെ മാറുന്ന വീക്ഷണത്തിന്റെ സൂചനയാണ്. വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കും മറ്റ് മുസ്ലീം നേതാക്കള്‍ക്കും മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിച്ചതും ലീഗ് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. ആ ചിന്തകളുടെ കൂടി പ്രതിഫലനമാണ് സാദിഖലിയുടെ പ്രതികരണത്തോടെ പിന്നീട് പുറത്തു വന്നിരുന്നത്. ‘സി.പി.എമ്മില്ലാത്ത ഒരു കേരളത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലന്നാണ് ” അദ്ദേഹം തുറന്നു സമ്മതിച്ചിരിക്കുന്നത്. ലീഗിന്റെ മാറുന്ന ഈ കാഴ്ചപ്പാടിലുള്ള ഭയമാണ്  യഥാര്‍ത്ഥത്തില്‍ മുനീറിനെ പിണറായിക്കെതിരെയും കാള്‍ മാര്‍ക്‌സിനെതിരെയും പറയിപ്പിച്ചിരുന്നത്. കമ്യൂണിസ്റ്റുകള്‍ക്കും ലീഗിനും ഇടയില്‍ പക വര്‍ദ്ധിപ്പിക്കുന്നതിനുള്ള തന്ത്രമായിരുന്നു ഇത്. പറഞ്ഞത് മുനീറാണെങ്കിലും  ഇതിന്റെ തിരക്കഥ കോണ്‍ഗ്രസ്സിന്റെയാണ്. രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നതും അതു തന്നെയാണ്. വിവാദ പരാമര്‍ശം ലീഗിനുള്ളില്‍ തന്നെ തിരിച്ചടിച്ചതോടെയാണ്  ഇടതിനോടുള്ള നിലപാട് തിരുത്തി  മുനീര്‍ മീഡിയ വണിനോട് പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍, വീണ്ടും കോണ്‍ഗ്രസ്സ് സമ്മര്‍ദ്ദത്തിനു വഴങ്ങി  സി.പി.എമ്മിനെതിരെ മുനീര്‍ വിഷം തുപ്പിയിരിക്കുകയാണ്. അന്ധമായ കമ്യൂണിസ്റ്റ് വിരോധംകൊണ്ട്  കണ്ണ് മഞ്ഞളിച്ചവന്റെ നിലപാടാണിത്. അങ്ങനെ മാത്രമേ, ഈ നിലപാടിനെയും വിലയിരുത്താന്‍ കഴിയൂ.


EXPRESS KERALA VIEW

Top