കരഞ്ഞത് ധൈര്യക്കുറവു കൊണ്ടല്ല, മനുഷ്യ ജീവന്റെ കാര്യങ്ങള്‍ ആയതുകൊണ്ട്; ഡോ.നജ്മ

കൊച്ചി: ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ കരഞ്ഞു പോയത് ധൈര്യക്കുറവു കൊണ്ടല്ലെന്നു കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍ നജ്മ. സംസാരിക്കുന്നത് മനുഷ്യ ജീവന്റെ കാര്യങ്ങളാണ്. ഒറ്റയ്ക്ക് നില്‍ക്കാന്‍ ധൈര്യമുണ്ട്. ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നും നജ്മ പറഞ്ഞപ. രാഷ്ട്രീയ പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു കരുവാക്കി തന്നെ മാറ്റരുത്. എല്ലാവരുടെയും മാനസിക പിന്തുണ മതി, പാര്‍ട്ടിയുടെയോ മതത്തിന്റെയോ പേരില്‍ അതു വേണ്ട എന്നാണ് പറഞ്ഞത് എന്നും നജ്മ പറഞ്ഞു

താന്‍ പഠിച്ച കോളേജ് മോശമാണെന്നോ അവിടെയുള്ള എല്ലാ ഡോക്ടര്‍മാരും നഴ്‌സുമാരും മോശക്കാരാണ് എന്നോ അല്ല പറഞ്ഞത്. തന്റെ കണ്ണിന്റെ മുന്നില്‍ കണ്ട ചില കാര്യങ്ങളാണ് പറഞ്ഞത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നന്നായി പ്രവര്‍ത്തിക്കുന്നവരുടെ നീണ്ട പട്ടികയുണ്ട്, ഇവരെ മറന്നിട്ടല്ല ഇതൊന്നും പറയുന്നത്. രണ്ടു പേരുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായിട്ടുണ്ട്. അത് നേരിട്ടു കണ്ടതാണ്. അവ തിരുത്തപ്പെടണം എന്നതിനാലാണ് ചൂണ്ടിക്കാണിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ സിസ്റ്റര്‍മാരും നഴ്‌സുമാരും ജൂനിയര്‍ വിദ്യാര്‍ഥികളുമെല്ലാം വിളിച്ചിരുന്നു. കോളേജ് ഒന്നും ചെയ്തിട്ടില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല, മനുഷ്യത്വത്തിന്റെ പേരില്‍ മാത്രം പറഞ്ഞതിനെ സമീപിച്ച് എല്ലാവരും ഒരുമിച്ച് പോരാടി തിരുത്തലിനു മുന്നോട്ടു വരികയാണ് വേണ്ടതെന്നും നജ്മ കൂട്ടിച്ചേര്‍ത്തു.

Top