തൃശൂർ : വനിതാ ദന്ത ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുത്തു. കുത്താൻ ഉപയോഗിച്ച കത്തി ഡന്റൽ ക്ലിനിക്കിലെ എസിയുടെ മുകളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെടുത്തു. അച്ഛനും ബന്ധുക്കളും നോക്കിനിൽക്കെ ക്ലിനിക്കിന് അകത്ത് വച്ച് സുഹൃത്തായ ഡോക്ടര്‍ മഹേഷ് കത്തി കൊണ്ട് സോനയെ കുത്തിയാണ് കൊലപ്പെടുത്തിയത്.
കടം വാങ്ങിയ പണം തിരികെ നൽകാതെ വഞ്ചിച്ചപ്പോൾ സോന പൊലീസിനെ സമീപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. മധ്യസ്ഥ ശ്രമങ്ങൾക്കെന്ന വ്യാജേന സുഹൃത്തുക്കൾക്കൊപ്പം ക്ലിനിക്കിൽ എത്തിയ ശേഷമായിരുന്നു കൊലപാതകം. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെ ക്ലിനിക്കിലെത്തിയ മഹേഷ് ബന്ധുക്കള്‍ നോക്കിനില്‍ക്കേ സോനയുടെ വയറിലും തുടയിലും കുത്തി. ആക്രമണത്തിനു ശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷ് ബന്ധുവിന്റെ വീട്ടില്‍ കാര്‍ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സോനയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല . ആദ്യത്തെ കുത്തില്‍ ഹൃദയത്തിന് പരിക്കേറ്റതിനാല്‍ രക്തസ്രാവം നിലയ്ക്കാതെയാണ് സോന മരിച്ചത്.
പ്രതിയായ ഡോക്ടർ മഹേഷ് സോനയുടെ സുഹൃത്തും സഹപാഠിയുമാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിഞ്ഞിരുന്ന സോന രണ്ടു വര്‍ഷമായി മഹേഷുമൊത്ത് തൃശൂര്‍ കുരിയച്ചിറയിലെ ഫ്‌ലാറ്റിലാണു താമസിച്ചിരുന്നത്. കുട്ടനെല്ലൂരില്‍ മഹേഷും സോനയും ചേര്‍ന്നു ദന്തല്‍ ക്ലിനിക് നടത്തിവരികയായിരുന്നു. ലാഭവിഹിതം മുഴുവൻ മഹേഷ് കൊണ്ടുപോകുന്നുവെന്ന് കാണിച്ച് സോന പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വൈരാഗ്യമാണ് മഹേഷിനെ കൊലപാതകത്തിലേക്ക് നയിച്ചത്.
കുത്തിയ കത്തി എസിയുടെ മുകളിൽ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് മുങ്ങിയത്. ഒളിവിൽ കഴിയുമ്പോഴാണ് മഹേഷിനെ പൊലീസ് പിടികൂടിയത്. റിമാൻഡിലായ പ്രതിയെ തെളിവെടുക്കാൻ ഒല്ലൂർ പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു.