പത്തനംതിട്ടയില്‍ ഇടത് മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കും: തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഡോ തോമസ് ഐസക്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ മാറ്റങ്ങളില്‍ ഒന്ന് ന്യൂനപക്ഷങ്ങള്‍ ഇടത് മുന്നണിയോട് കൂടുതല്‍ അടുത്തു എന്നതാണ്. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തകര്‍പ്പന്‍ വിജയത്തില്‍ എത്തിക്കുമെന്നും തോമസ് ഐസക് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് സജീവമായിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്ത് ബി ജെ പി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മണിപ്പൂര്‍ സംഭവം കാര്യങ്ങളെല്ലാം മാറ്റി മറിച്ചതായി തോമസ് ഐസക് പറഞ്ഞു. ശബരിമല വിഷയം ഇപ്പോള്‍ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ചര്‍ച്ചയേയല്ല. ന്യൂനപക്ഷങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഇക്കുറി എല്‍ ഡി എഫിനായിരിക്കും. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഇടത് മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫിന്റെയും എന്‍ ഡി എയുടെയും പൊതു ആവശ്യമാണ് എല്‍ ഡി എഫ് കേരളത്തില്‍ തോല്‍ക്കണം എന്നുള്ളത്. ശത്രുവിന്റെ ശത്രു മിത്രം എന്ന നയമാണ് യു ഡി എഫിനും എന്‍ ഡി എയ്ക്കുമുള്ളതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

Top