തിരുവനന്തപുരം: കേരളസര്‍വകലാശാലാ വൈസ്ചാന്‍സലറായി ഒപ്‌ടോ ഇലക്ട്രോണിക്‌സ് പ്രൊഫസറും കേരളയിലെ അപ്ലൈഡ് സയന്‍സ് ഡീനുമായ ഡോ.വി.പി.മഹാദേവന്‍ പിള്ളയെ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു. നാലുവര്‍ഷമാണ് കാലാവധി. 2017സെപ്തംബറില്‍ ഡോ.പി.കെ.രാധാകൃഷ്ണന്‍ വിരമിച്ചശേഷം സര്‍വകലാശാലയില്‍ ഇന്‍-ചാര്‍ജ് ഭരണമായിരുന്നു. തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയായ മഹാദേവന്‍ പിള്ള ഭൗതികശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും എം.ഫിലും പിഎച്ച്.ഡിയും നേടിയശേഷം 1982ല്‍ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ ജൂനിയര്‍ ലക്ചററായി.
2001ല്‍ കേരള സര്‍വകലാശാലാ ഒപ്‌ടോഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ലക്ചററായി. 2005ലാണ് പ്രൊഫസറായത്. കേരളയിലെ ഒപ്‌ടോഇലക്ട്രോണിക്‌സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് ചെയര്‍മാനും നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജി ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗവുമാണ്. കുസാറ്റില്‍ ഫോട്ടോണിക്‌സ്, പെരിയാര്‍ സര്‍വകലാശാലയില്‍ ഫിസിക്കല്‍ സയന്‍സ്, അളഗപ്പയില്‍ ബയോഇലക്ട്രോണിക്‌സ്, റായ്പൂര്‍ പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല സര്‍വകലാശാലയില്‍ ഇലക്ട്രോണിക് സയന്‍സ് ബോര്‍ഡ് ഒഫ് സ്റ്റഡീസ് അംഗമായിട്ടുണ്ട്. കേരളയിലെ അക്കാഡമിക് കൗണ്‍സില്‍ അംഗം, സെനറ്റംഗം, എക്‌സിക്യുട്ടീവ് കൗണ്‍സിലംഗം, സി.എസ്.എസ് അക്കാഡമിക് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അസോസിയേഷന്‍, ഒപ്റ്റിക്കല്‍ സൊസൈറ്റി ഒഫ് ഇന്ത്യ, ഇന്ത്യന്‍ ലേസര്‍ അസോസിയേഷന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയില്‍ സ്‌പെഷ്യല്‍ ടാസ്‌ക് കമ്മിറ്റിയംഗമായിരുന്നു. ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ അക്കാഡമിക് കമ്മിറ്റിയംഗവും കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ് അക്കാഡമിക് കൗണ്‍സിലിലെ സര്‍വകലാശാലാ പ്രതിനിധിയുമാണ്.