തിരുവനന്തപുരം: കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറിയായ ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിനു ശേഷം ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതലയേറ്റു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു.
1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവര്‍ഷത്തെ കാലാവധിയാണ് ബാക്കിയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് വേണു സിവില്‍ സര്‍വ്വീസിലേക്കെത്തിയത്.
ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഇപ്പോള്‍ അദ്ദേഹം ചീഫ് സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. ചീഫ് സെക്രട്ടറിയാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഉത്തരവാദിത്തം എത്ര വലുതാണ് എന്ന് ബോധ്യമുണ്ടെന്നും ചുമതലയേറ്റ ശേഷം വി വേണു പറഞ്ഞു.
വിവാദങ്ങളില്‍ നിന്നൊഴിഞ്ഞുള്ള ക്ലീന്‍ ട്രാക്ക് റെക്കോര്‍ഡാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് ഷെയിഖ് ദര്‍വേഷ് സാഹിബിന് തുണയായത്. ആന്ധ്ര സ്വദേശിയായ അദ്ദേഹത്തിന് ഒരു വര്‍ഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവി ആയതിനാല്‍ രണ്ട് വര്‍ഷം തുടരാനാകും. ദര്‍ബാര്‍ ഹാളില്‍ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി വിപി ജോയിക്കും പൊലീസ് മേധാവി അനില്‍ കാന്തിനും യാത്രയയപ്പും നല്‍കി.