കൊട്ടാരക്കര : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതി ജി.സന്ദീപ് സാമൂഹിക വിരുദ്ധ വ്യക്തിത്വ വൈകല്യത്തിന് (ആന്റി സോഷ്യൽ പഴ്സനാലിറ്റി ഡിസോർഡർ) ഉടമയെന്ന് റിപ്പോർട്ട്‍. വീട്ടിൽ ഉള്ളവരോട് പലപ്പോഴും ക്രൂരമായി പെരുമാറിയിരുന്നു. ഇതേ പ്രേരണയാകാം ഡോ. വന്ദനയെ കൊലപ്പെടുത്താനിടയാക്കിയതെന്നും സന്ദീപിന്റെ മാനസിക, ശാരീരിക അവസ്ഥയെക്കുറിച്ച് പഠനം നടത്തിയ എട്ടംഗ ഡോക്ടർമാരുടെ പാനൽ റിപ്പോർട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറി. എന്താണ് കൊലപാതകത്തിന് സന്ദീപിനെ പ്രേരിപ്പിച്ചതെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നില്ലെങ്കിലും പ്രധാനപ്പെട്ട ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിരന്തരമായ മദ്യപാനവും ലഹരി ഉപയോഗവും സന്ദീപിന്റെ മാനസിക നിലയെ സ്വാധീനിച്ചു. ഇതിന്റെ പാർശ്വഫലം പ്രത്യേക മാനസികാവസ്ഥയിൽ സന്ദീപിനെ എത്തിച്ചതായും സംശയിക്കുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ.മോഹൻ റോയിയുടെ നേതൃത്വത്തിലാണ് 10 ദിവസം സന്ദീപിനെ നിരീക്ഷിച്ചത്. സൈക്യാട്രി, ന്യൂറോ സർജറി, ജനറൽ മെഡിസിൻ തുടങ്ങിയ വകുപ്പുകളുടെ മേധാവിമാരും നിരീക്ഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഡോ.വന്ദനയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചായിരുന്നു പഠനം. കഴിഞ്ഞ മാസം 10ന് പുലർച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് ഹൗസ് സർജൻ ഡോ.വന്ദനയ്ക്കു കുത്തേറ്റത്. സന്ദീപ് ഇപ്പോൾ റിമാൻഡിലാണ്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസാണ് കേസ് അന്വേഷിക്കുന്നത്.