ഡോ. വന്ദന കൊലക്കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. നിലവിലുള്ള പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്.
അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കൾക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് കേൾക്കാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ആണ് ഹർജിയിൽ വിധി പറയുക. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതി സന്ദീപ് നൽകിയ ഹർജിയിലും ഉത്തരവുണ്ടാകും.
മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. കൊല്ലം നെടുമ്പന യു പി സ്കൂൾ അദ്ധ്യാപകനായിരുന്ന പ്രതി സന്ദീപിനെ കഴിഞ്ഞ മാസം ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി.