ലോക പ്രശസ്തി നേടിയ ജാപ്പനീസ് കോമിക്സുകളിലൊന്നായ ”ഡ്രാഗണ്‍ ബോള്‍” കോമിക്‌സിന്റെയും ആനിമേഷന്‍ കാര്‍ട്ടൂണുകളുടെയും സ്രഷ്ടാവ് അകിര തൊറിയാമ (68) അന്തരിച്ചു. അക്യൂട്ട് സബ്ഡ്യൂറല്‍ ഹെമറ്റോമയെ (മസ്തിഷ്‌കത്തിന് സമീപമുള്ള ഒരു തരം രക്തസ്രാവം) തുടര്‍ന്ന് മാര്‍ച്ച് 1 നായിരുന്നു അന്ത്യം.
‘ഡ്രാഗണ്‍ ബോള്‍’ വെബ്സൈറ്റിലൂടെ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പ്രൊഡക്ഷന്‍ ടീം പങ്കുവെച്ചത്. കുടുംബാംഗങ്ങളും വളരെ കുറച്ച് സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. ഡ്രാഗണ്‍ ബോള്‍ കോമിക് സീരീസ് ലോകമെമ്പാടും വളരെ ജനപ്രിയമാണ്. 1984 ലാണ് ഡ്രാഗണ്‍ ബോള്‍ കോമിക് സീരീസ് ആദ്യമായി പുറത്തിറങ്ങുന്നത്.
ജപ്പാനിലെ ഐച്ചിയിലെ നഗോയയിലാണ് അകിര തൊറിയാമ ജനിച്ചത് . ചെറുപ്പം മുതലേ ചിത്രകലയില്‍ താല്‍പ്പര്യമുണ്ടായിരുന്നു. ഡ്രാഗണ്‍ ബോള്‍’ സൃഷ്ടിക്കുന്നതിന് മുമ്പ്, ഡ്രാഗണ്‍ ക്വസ്റ്റ് സീരീസ്, ക്രോണോ ട്രിഗര്‍, ക്രോണോ ട്രിഗര്‍ തുടങ്ങിയ നിരവധി ജനപ്രിയ വീഡിയോ ഗെയിമുകളുടെ ക്യാരക്ടര്‍ ഡിസൈനറായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങളുടെ ബാല്യകാലത്തിന്റെ ഭാഗമായി മാറിയ കഥാപാത്രങ്ങളുടെ സ്രഷ്ടാവിന്റെ വേര്‍പാട് ഡ്രാഗണ്‍ ബോള്‍ ഫ്രാഞ്ചൈസിയുടെയും ആനിമേഷന്‍ കമ്മ്യൂണിറ്റിയുടെയും ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.