കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം: കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി. ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലുള്ള റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയതെന്നാണ് വിവരം. ഈഗള്‍ടണ്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് വിവരം. രണ്ടു ദിവസത്തേക്കാണ് എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കുക.

വിധാന്‍ സൌധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷമാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്. യോഗശേഷമാണ് 75 എംഎല്‍എമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളില്‍ കയറ്റി റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎല്‍എമാര്‍ക്കൊപ്പം ബസ്സിലുണ്ട്. ഇന്ന് യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരെല്ലാം ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആഭ്യന്തരകലാപം തുടരുന്നതിനാല്‍ത്തന്നെയാണ് ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാന്‍ റിസോര്‍ട്ടിലേക്ക് മാറ്റുന്നത്.

ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഉമേഷ് ജാദവ്, രമേശ് ജാര്‍കിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. ഇതില്‍ ബി. നാഗേന്ദ്രയും ഉമേഷ് യാദവും യോഗത്തില്‍ നിന്ന് വിട്ടുനിന്നതിന്റെ കാരണം ബോധിപ്പിച്ചിരുന്നു.

ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് താന്‍ യോഗത്തിനെത്താത്തത് എന്നാണ് നാഗേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ ആയതിനാലാണ് താന്‍ യോഗത്തിനെത്താത്തതെന്നായിരുന്നു ഉമേഷ് യാദവിന്റെ വിശദീകരണം.

എന്നാല്‍, രമേശ് ജാര്‍കിഹോളി, മഹേഷ് കുമതല്ലി എന്നിവര്‍ എത്താതിന് കാരണം അറിയിച്ചിരുന്നില്ല. യോഗത്തിനു പിന്നാലെ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന്റെ മുന്നോടിയായി ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.

Top