തിരുവനന്തപുരം : ശോഭനയുടെ മണിച്ചിത്രത്താഴിലെ നാഗവല്ലിയായി വരന്‍ അവതരിച്ചപ്പോള്‍ തലസ്ഥാനത്തെ കതിര്‍ മണ്ഡപത്തില്‍ അരങ്ങേറിയത് നാടകീയ സംഭവവികാസങ്ങള്‍.
കഴിഞ്ഞ ദിവസം വിതുരയിലെ ഒരു കമ്യൂണിറ്റി ഹാളിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന സംഭവങ്ങള്‍ നടന്നത്.
കല്യാണത്തിനെത്തിയവരെ വണങ്ങി വരന്‍ കതിര്‍ മണ്ഡപത്തെ വലം വച്ച് ഇരിപ്പുറപ്പിച്ചു. നിലവിളക്കേന്തിയ പെണ്‍കുട്ടികളോടൊപ്പം കൊട്ടും കുരവയുമായി മുഹൂര്‍ത്ത സമയത്ത് വധുവും കതിര്‍ മണ്ഡപത്തിലെത്തി.
എന്നാല്‍ അണിഞ്ഞൊരുങ്ങിയെത്തിയ പെണ്‍കുട്ടിയെ കണ്ടതോടെ വരന്റെ ഭാവം മാറി. ആ സമയം വരെ ചിരിച്ച് കല്യാണത്തിനെത്തിയവരോടൊക്കെ കുശലം പറഞ്ഞിരുന്ന വരന്‍ കതിര്‍ മണ്ഡപത്തിലെ വിളക്കും നിറപറയും എടുത്തെറിയാന്‍ തുടങ്ങി. തടയാനെത്തിയ പൂജാരിയെയും പൊതിരെ തല്ലി. പിന്നീടുള്ള കുറച്ച് സമയത്തേക്ക് ഒരു നാഗവല്ലിയെ പോലെ വരന്‍ അട്ടഹസിച്ച് പൂക്കളും പൂക്കുലയുമെടുത്ത് തുള്ളാന്‍ തുടങ്ങി.
ഇതോടെ സുമംഗലയാവാന്‍ കാത്തിരുന്ന പെണ്‍കുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി. തുടര്‍ന്ന് ബന്ധുക്കളെത്തിയാണ് വരനെ സമാധാനിപ്പിച്ചത്.
ബന്ധുക്കളുമായി നീണ്ട നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ വീണ്ടും താലികെട്ടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും വരന്റെ പ്രകടനങ്ങള്‍ കണ്ട് പേടിച്ച പെണ്‍കുട്ടി ഇയാളുമായുള്ള വിവാഹം വേണ്ടെന്ന് വച്ചു. തുടര്‍ന്ന് പൊലീസെത്തി ചര്‍ച്ച നടത്തിയെങ്കിലും പെണ്‍കുട്ടി തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണുണ്ടായത്.
വരന് നേരത്തെ തന്നെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും അത് മറച്ച് വച്ചാണ് വരന്റെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായതെന്നുമാണ് വധുവിന്റെ വീട്ടുകാരുടെ പ്രതികരണം.