സെക്രട്ടറിയേറ്റ് വളപ്പില്‍ നാടകീയ രംഗങ്ങള്‍; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും കത്തിനശിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. മൂന്ന് സെക്ഷനില്‍ തീ പിടിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു. പ്രധാന ഫയലുകള്‍ക്കൊപ്പം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും കത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയ ചെന്നിത്തലയെയും കോണ്‍ഗ്രസ് നേതാക്കളെയും പിന്നീട് അകത്തേക്ക് കടത്തിവിടുകയായിരുന്നു.

പുറത്ത് വന്നതിന് ശേഷം അതീവ ഗുരുതരമായ ആരോപണമാണ് ചെന്നിത്തല ഉന്നയിച്ചത്. വളരെ ഗുരുതരമായ പ്രശ്‌നങ്ങളാണ് വന്‍ തീപിടുത്തത്തിലൂടെ ഉണ്ടായതെന്നും. മൂന്ന് സെക്ഷനുകളില്‍ തീ പിടിച്ചുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഹോം സെക്രട്ടറിയും, റവന്യൂ സെക്രട്ടറിയും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞ ചെന്നിത്തലപൊളിറ്റല്‍ സെക്ഷനിലേയും വിദേശയാത്രയുമായി ബന്ധപ്പെട്ടതും, രാഷ്ട്രീയ പ്രാധാന്യമര്‍ഹിക്കുന്ന രഹസ്യ ഫയലുകളും കത്തിയതായി അറിയിച്ചു. ജലസേചന വകുപ്പ് മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ഓഫീസിന് സമീപമുള്ള ഇടനാഴിയില്‍ തീപിടിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ശക്തമായി ആവശ്യപ്പെട്ട ചെന്നിത്തല ഇത് അട്ടിമറി ശ്രമമാണെന്നും തെളിവ് നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണെന്നും ആരോപിച്ചു. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ വൈകിട്ടുണ്ടായ തീപിടുത്തതോടെയാണ് നിലവിലെ സംഭവ വികാസങ്ങളുടെ തുടക്കം.കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ചില ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകള്‍ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.

Top