ബെയ്ജിംഗ്: ചൈനയിലെ അതിവേഗ പാതയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു.
കിഴക്കന്‍ ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലെ അതിവേഗ പാതയില്‍ ബുധനാഴ്ചയാണു കൂട്ടിയിടിയുണ്ടായത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായാണ് ലഭിക്കുന്ന കണക്കുകള്‍. 21 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. പെട്ടെന്നുണ്ടായ പുകമഞ്ഞാണ് അപകടകാരണമെന്നു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ വാഹനങ്ങള്‍ തമ്മിലുണ്ടായ ചെറിയ ഇടി പിന്നീട് കൂട്ട ഇടിയിലേക്കു നയിക്കുകയാണെന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകടത്തില്‍ ട്രക്കുകളും ബസുകളും ഉള്‍പ്പെടുന്നു.
വാഹനങ്ങളുടെ കൂട്ട ഇടിയുടെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹമാധ്യമമായ വെയ്വോയില്‍ പ്രചരിക്കുന്നുണ്ട്. അപകടമുണ്ടായ സ്ഥലത്തുനിന്നു വന്‍തോതില്‍ പുക ഉയരുന്നത് വീഡിയോയില്‍ ദൃശ്യമാണ്. എക്സ്പ്രസ് വേ ഇതേവരെ വാഹനഗതാഗതത്തിനു തുറന്നുനല്‍കിയിട്ടില്ലെന്നാണു പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.