കിവീസ് ക്ഷീണിതർ; ജയത്തിൽ വലുതായി സന്തോഷിക്കാനില്ല – ദ്രാവിഡ്

dravid

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ സമ്പൂർണ വിജയം നേടിയെങ്കിലും, മടുത്തു വശംകെട്ട ന്യൂസീലൻഡ് ടീമിനെതിരായ ഈ വിജയത്തെ യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണമെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൂന്നാം ട്വന്റി20യിലും ജയിച്ച് പരമ്പരയിൽ സമ്പൂർണ വിജയം നേടിയതിനു പിന്നാലെ സംസാരിക്കുമ്പഴാണ് രാഹുൽ ദ്രാവിഡ് യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടിയത്.

ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയിൽ വിജയത്തോടെ തുടക്കമിടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. കൊൽക്കത്തയിലെ മൂന്നാം ട്വന്റി20യിൽ 73 റണ്‍സിന്റെ കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.

ട്വന്റി20 ലോകകപ്പ് ഫൈനലിൽ കളിച്ച ന്യൂസീലൻഡിന് അതിനുശേഷം ഇന്ത്യയിലെത്തി ആറു ദിവസങ്ങൾക്കുള്ളിൽ മൂന്നു മത്സരങ്ങൾ കളിക്കേണ്ടി വന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. നവംബർ 14നാണ് ലോകകപ്പ് ഫൈനലിൽ ന്യൂസീലൻഡ് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടിയത്. അതിനു പിന്നാലെ ഇന്ത്യയിലെത്തിയ അവർ 17–ാം തീയതി തന്നെ ഒന്നാം ട്വന്റി20ക്ക് ഇറങ്ങി. പിന്നാലെ നവംബർ 19, 21 തീയതികളിലായി ശേഷിക്കുന്ന മത്സരങ്ങളും കളിച്ചു. കാഠിന്യമേറിയ മത്സരക്രമം ചൂണ്ടിക്കാട്ടിയാണ് കിവീസിനെതിരായ പരമ്പര വിജയത്തിൽ അതിരുവിട്ട് ആഹ്ളാദിക്കാനൊന്നുമില്ലെന്ന ദ്രാവിഡിന്റെ വിലയിരുത്തൽ.

‘ഈ പരമ്പര വിജയം എന്തുകൊണ്ടും മികച്ചതായിരുന്നു. പരമ്പരയിലുടനീളം ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഈ വിജയത്തെ നമ്മൾ യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണണം. ലോകകപ്പ് ഫൈനലിൽ കളിച്ചശേഷം ഇന്ത്യയിൽ വന്ന് ആറു ദിവസത്തിനിടെ മൂന്ന് മത്സരങ്ങൾ കളിച്ചത് ന്യൂസീലൻഡ് ടീമിനെ സംബന്ധിച്ച് അത്ര അനായാസമായിരുന്നില്ല. അതുകൊണ്ട് വിജയത്തിൽ മതിമറക്കാതെ ഭാവിയിലേക്കായി നല്ല കാര്യങ്ങൾ പഠിക്കുകയാണ് വേണ്ടത്’ – മത്സരശേഷം ദ്രാവിഡ് വിലയിരുത്തി.

ട്വന്റി20 ലോകകപ്പിൽ സെമിഫൈനൽ കാണാതെ പുറത്തായതിന്റെ നിരാശയ്ക്കിടെയാണ് തൊട്ടുപിന്നാലെ നടന്ന ട്വന്റി20 പരമ്പരയിൽ ലോകകപ്പ് ഫൈനൽ കളിച്ച ന്യൂസീലൻഡിനെതിരെ ഇന്ത്യ 3–0ന് പരമ്പര നേടിയത്. വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ സ്ഥിരം മുഖങ്ങളില്ലാതെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. മുഴുവൻ സമയ പരിശീലകനും ക്യാപ്റ്റനുമെന്ന നിലയിൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടെയും ആദ്യ പരമ്പര കൂടിയായിരുന്നു ഇത്.

അടുത്ത ലോകകപ്പ് മുൻനിർത്തി നല്ല ഒരുക്കത്തിനുള്ള അവസരം കൂടിയായിരുന്നു ഈ പരമ്പരയെന്ന് ദ്രാവിഡ് വിലയിരുത്തി.

‘ടീമിലെ ചില യുവതാരങ്ങൾക്ക് നമ്മൾ അവസരം നൽകിയിരുന്നു. ടീമിലെ പരിചയ സമ്പന്നരായ ചിലർക്ക് വിശ്രമം അനുവദിച്ചതോടെ ലഭിച്ച അവസരം അവർ മുതലെടുത്തുവെന്നു പറയാം. ചില നല്ല സൂചനകൾ ഈ പരമ്പരയിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഭാവിയിലേക്ക് അത് വളർത്തിയെടുക്കുന്നതാണ് പ്രധാനം. നമുക്ക് ഓരോ സ്ഥാനങ്ങളിലേക്കും വ്യത്യസ്തമായ സാധ്യതകൾ ഉണ്ട് എന്നത് തികച്ചും പോസിറ്റീവായ കാര്യമാണ്’ – ദ്രാവിഡ് ചൂണ്ടിക്കാട്ടി.

 

Top