2-ഡിജി മരുന്ന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളില്‍നിന്ന് അപേക്ഷ ക്ഷണിച്ച് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സക്കായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത 2-ഡിജി (2 ഡിയോക്‌സി ഡി ഗ്ലൂക്കോസ്) മരുന്ന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യാവസായികാടിസ്ഥാനത്തിലുള്ള നിര്‍മാണം മറ്റു സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനാണ് ഡിആര്‍ഡിഒയുടെ നീക്കം. അതിനായാണ് രാജ്യത്തുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍നിന്ന് ഡിആര്‍ഡിഒ താല്‍പര്യ പത്രം (എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ്) ക്ഷണിച്ചത്.

താത്പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിര്‍മാണ കമ്പനികള്‍ ജൂണ്‍ 17ന് മുമ്പ് ഡിആര്‍ഡിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം. 15 കമ്പനികള്‍ക്കാണ് അനുമതി നല്‍കുക. തിരഞ്ഞെടുക്കുന്ന കമ്പനികള്‍ക്ക് പ്രതിമാസം 2000 കിലോഗ്രാം നിര്‍മാണ ശേഷിയും ചുരുങ്ങിയ സമയത്തിനുള്ളില്‍ മരുന്ന് വിപണിയിലേക്ക് എത്തിക്കാനും സാധിക്കണം.

ഡിആര്‍ഡിഒയുടെ ലബോറട്ടറിയായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഇന്‍മാസ്), ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറിയുമായി ചേര്‍ന്നാണ് 2ഡിജി മരുന്ന് വികസിപ്പിച്ചത്. വെള്ളത്തില്‍ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നിത്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

Top