ഡിആര്‍ഡിഒയുടെ കൊവിഡ് മരുന്ന് പുറത്തിറക്കി; 10,000 ഡോസുകള്‍ വിതരണത്തിന്

ദില്ലി: പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണും ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധനും ചേര്‍ന്നാണ് മരുന്ന് പുറത്തിറക്കിയത്.

മരുന്നിന്റെ കണ്ടുപിടുത്തം കൊവിഡ് ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍ പങ്കുവെച്ചു. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് വിലയിരുത്തല്‍.

ദില്ലിയിലെ ആശുപത്രികളില്‍ ആദ്യം മരുന്ന് നല്‍കും.ആദ്യഘട്ടത്തില്‍ പതിനായിരം ഡോസാണ് പുറത്തിറക്കുക. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) എന്ന ഡിആര്‍ഡിഒക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.

 

Top