ന്യൂഡല്‍ഹി: ‘സ്റ്റാര്‍ വാര്‍സ്’ മാതൃകയിലുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ/ വികസന സംഘടന (ഡിഫന്‍സ് റീസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) ആണ് ഈ അത്യന്താധുനിക ആയുധങ്ങളുടെ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുക എന്ന വിവരമാണ് പുറത്തുവരുന്നത്. ‘ഹൈപ്പര്‍ സോണിക് വെഹിക്കിള്‍’ നിര്‍മിച്ചുകൊണ്ട് ഇന്ത്യയെ ഹൈപ്പര്‍ സോണിക് മിസൈല്‍ ക്ലബ്ബിലേക്കെത്താന്‍ രാജ്യത്തെ സഹായിച്ച ഏജന്‍സിയാണ് ഡിആര്‍ഡിഒ.
ഇന്ത്യന്‍ സൈന്യം, രഹസ്യാന്വേഷണ ഏജന്‍സികള്‍, എന്നിവരുടെ മുന്‍പിലായി ഡി.ആര്‍.ഡി.ഒ ഈ ആയുധങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തി കഴിഞ്ഞതായും വിവരമുണ്ട്. ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡി.ഇഡബ്ള്യു.എസ്) എന്ന പേരില്‍ ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുക്കുന്ന ഈ ആയുധ സംവിധാനത്തില്‍ ഹൈ എനര്‍ജി ലേസറുകള്‍, ഹൈ പവേര്‍ഡ് മൈക്രോ വേവ്‌സ് എന്നിവ ഉണ്ടാകും.
100 കിലോവാട്ട് വരെ ഊര്‍ജ്ജ ശേഷിയുള്ള ആയുധങ്ങളും ഇക്കൂട്ടത്തില്‍പെടും. അതിക്രമിച്ച് കടക്കുന്ന മിസൈലുകളുളെയും യുദ്ധവിമാനങ്ങളെയും നശിപ്പിക്കാനായി രഹസ്യാത്മക സ്വഭാവമുള്ള കാളി പാര്‍ട്ടിക്കിള്‍ ബീം ഉള്ള ഹൈ പവര്‍ ഫൈബര്‍ ലേസറുകളും, കെമിക്കല്‍ ഓക്സിജന്‍ അയഡിനുമെല്ലാം ഡി.ഇഡബ്ള്യു.എസില്‍ ഡി.ആര്‍.ഡി.ഒ ഉള്‍പ്പെടുത്തും.