ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കി ‘ഡ്രീം ഇലവന്‍’

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം ഫാന്റസി ഗെയിമിങ് സ്റ്റാര്‍ട്ടപ്പായ ഡ്രീം ഇലവന്‍ (Dream11) സ്വന്തമാക്കി. 222 കോടി രൂപയ്ക്കാണ് ഈ വര്‍ഷത്തെ കരാര്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവില്‍ ഐപിഎല്ലിന്റെ സഹ സ്‌പോണ്‍സറാണ് ഡ്രീം ഇലവന്‍. മൂന്നു വര്‍ഷത്തേക്കാണ് ഡ്രീം ഇലവന്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകളായ മലയാളി സംരംഭകന്‍ ബൈജൂ രവീന്ദ്രന്റെ ‘ബൈജൂസ് ആപ്പ്’, അണ്‍അക്കാദമി തുടങ്ങിയവര്‍ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ഡ്രീം ഇലവന്‍ ഇക്കുറി ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായത്. ബൈജൂസ് ആപ്പ് 201 കോടി രൂപയും അണ്‍അക്കാദമി 170 കോടി രൂപയുമാണ് മുന്നോട്ടുവച്ചതെന്നാണ് വിവരം.

ഇത്തവണ യുഎഇയിലാണ് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരം നടക്കുന്നത്. ഐപിഎല്ലിനായി യുഎഇയിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍.

Top