തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞത് സമുദായ നേതാക്കളുടെ സ്വപ്നങ്ങളും !

ദ്ദേശ തിരഞ്ഞെടുപ്പ് വിധി ജാതി – മത ശക്തികള്‍ക്കെതിരായ വിധി എഴുത്ത് കൂടിയാണ്. ജമാ അത്തെ ഇസ്ലാമിയും എന്‍.എസ്.എസ് നേതൃത്വവും വെള്ളാപ്പള്ളി നടേശനും എല്ലാം ഇടതുപക്ഷത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇവരെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഇടത് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താനാണ് ശ്രമിച്ചിരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടി പരസ്യമായാണ് യു.ഡി.എഫുമായി സഖ്യമുണ്ടാക്കിയത്. മലബാറില്‍ ചില ഇടങ്ങളില്‍ ഈ സഖ്യം ലീഗിന് നേട്ടമായപ്പോള്‍ വലിയ വില കൊടുക്കേണ്ടി വന്നിരിക്കുന്നത് കോണ്‍ഗ്രസ്സിനാണ്. പരമ്പരാഗത വോട്ടുകള്‍ പോലും കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പ്രതീക്ഷിച്ച അത്രയും നേട്ടം ലീഗിനും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.

എസ്.എന്‍.ഡി.പി യോഗം നേതാവ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്, ബി.ജെ.പി മുന്നണിയിലാണ് ഇത്തവണയും മത്സരിച്ചത്. എന്നിട്ടും കാര്യമായ ഒരു നേട്ടവും ഉണ്ടാക്കാന്‍ ആ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ബി.ഡി.ജെ.എസ് ചിത്രത്തില്‍ തന്നെ ഇല്ലാത്ത അവസ്ഥയാണുള്ളത്. പിണറായി സര്‍ക്കാറിന്റെ ആരംഭ കാലത്ത് ഇടതുപക്ഷ സര്‍ക്കാറിനെ അനുകൂലിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം നോക്കി കളം മാറ്റി ചവിട്ടിയതും കേരളം കണ്ടതാണ്. അദ്ദേഹവും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും അനുകൂലമായ നിലപാടാണ് അണിയറയില്‍ സ്വീകരിച്ചത്. എന്നാല്‍ സ്വന്തം സമുദായത്തില്‍ പോലും ഒരു ചലനവും സൃഷ്ടിക്കാന്‍ വെള്ളാപ്പള്ളിക്കും മകനും കഴിഞ്ഞിട്ടില്ല.

ചുവപ്പിനെ ശത്രുപക്ഷത്ത് നിര്‍ത്തിയ മറ്റൊരു സമുദായ നേതാവ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരാണ്. അദ്ദേഹത്തിന്റെ നിലപാട് വോട്ട് ചെയ്യാന്‍ വന്നപ്പോള്‍ പരസ്യമായി പറയുകയുമുണ്ടായി. പിണറായി ഭരണം തുടങ്ങിയപ്പോള്‍ മാളത്തില്‍ ഒളിച്ചിരുന്ന സമുദായ നേതാക്കളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തല പൊക്കിയിരുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടാകുമെന്നാണ് ഇവരെല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷം തകര്‍പ്പന്‍ വിജയം നേടിയതോടെ വീണ്ടും മാളത്തിലൊളിക്കേണ്ട സാഹചര്യമാണ് ഇവര്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ‘രാഷ്ട്രീയ വിവാദങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നാണ് ‘എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പരസ്യമായി തുറന്നടിച്ചിരുന്നത്. ‘ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ വിജയമാകണമെന്നും’ സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു.

പ്രതിപക്ഷത്തിന് വോട്ട് ചെയ്യാനുള്ള പരോക്ഷമായ ആഹ്വാനമാണ് ഈ പ്രതികരണത്തിലൂടെ അദ്ദേഹം നല്‍കിയിരുന്നത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വിറപ്പിച്ച് കാര്യങ്ങള്‍ നേടിയ സമുദായ നേതാവാണ് സുകുമാരന്‍ നായര്‍. എന്തിനേറെ ഉന്നത കോണ്‍ഗ്രസ്സ് നേതാവായ രമേശ് ചെന്നിത്തലയെ മന്ത്രിയാക്കുന്നതിന് പോലും സുകുമാരന്‍ നായര്‍ ശബ്ദമുയര്‍ത്തേണ്ടി വന്നിരുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിയാക്കാമെന്ന മുന്‍ധാരണ അട്ടിമറിച്ചതാണ് സുകുമാരന്‍ നായരെ അന്ന് പ്രകോപിപ്പിച്ചിരുന്നത്. ‘ഭൂരിപക്ഷ സമൂഹത്തിന്റെ പ്രതിനിധിയായി’ ചെന്നിത്തല മന്ത്രിസഭയിലെത്തുമെന്ന് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് സുകുമാരന്‍ നായരെ പ്രകോപിപ്പിച്ചിരുന്നത്. രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.

ഇതിന് ശേഷമാണ് ആഭ്യന്തര വകുപ്പോടെ മന്ത്രിസഭയുടെ ‘താക്കോല്‍’ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ ഉമ്മന്‍ചാണ്ടി പ്രതിഷ്ഠിച്ചിരുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സമുദായ നേതാക്കള്‍ക്ക് കിട്ടിയ പരിഗണനകള്‍ ഒരിക്കലും പിണറായി ഭരണത്തില്‍ ഇവര്‍ക്കാര്‍ക്കും തന്നെ കിട്ടിയിട്ടില്ല. പകരം ഈ സമുദായങ്ങളിലെ സാധാരണക്കാര്‍ക്കാണ് ഗുണമുണ്ടായിരിക്കുന്നത്. ജാതി – മത പരിഗണനകള്‍ക്കതീതമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇതാണ് തദ്ദേശ തിരഞ്ഞെടുപ്പിലൂടെ ജനങ്ങളും ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

സുകുമാരന്‍ നായര്‍ പ്രതിനിധീകരിക്കുന്ന മുന്നോക്ക വിഭാഗത്തിലെ പാവങ്ങള്‍ക്ക് സംവരണം നല്‍കിയത് തന്നെ പിണറായി സര്‍ക്കാറാണ്. ഇത് പോലും കണക്കിലെടുക്കാതെയാണ് ‘മാമാ’ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ക്ക് പിന്നാലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയും കൂടിയിരുന്നത്. വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗും ശക്തമായാണ് മുന്നോക്ക സംവരണത്തെ എതിര്‍ത്തിരുന്നത്. എന്നിട്ടും നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്.

സമുദായ നേതാക്കള്‍ യഥാര്‍ത്ഥത്തില്‍ സമുദായത്തിന്റെ താല്‍പ്പര്യമല്ല വ്യക്തി താല്‍പ്പര്യങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ താല്‍പ്പര്യത്തിന് ഏറ്റ പ്രഹരമായും ഇപ്പോഴത്തെ ജനവിധിയെ വിലയിരുത്താവുന്നതാണ്. ഇടതു തരംഗം തന്നെയാണ് കേരളത്തില്‍ അലയടിച്ചിരിക്കുന്നത്. അക്കാര്യത്തില്‍ സംശയമില്ല. വിവാദങ്ങളെയും കേന്ദ്ര ഏജന്‍സികളെയും ജാതി – മത ശക്തികളെയുമാണ് സര്‍ക്കാറിനെതിരായ ആയുധമായി യു.ഡി.എഫ് ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇടതുപക്ഷം മുന്നോട്ട് വച്ചതാകട്ടെ വികസന പദ്ധതികളാണ്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രകടന പത്രികയും. നടപ്പാക്കുമെന്ന് ഉറപ്പുള്ള പത്രികയായിരുന്നു ഇത്.

പിണറായി അധികാരത്തില്‍ വന്നതും പ്രകടനപത്രിക മുന്‍ നിര്‍ത്തി തന്നെയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അകലെ നില്‍ക്കെ 95 ശതമാനം പദ്ധതികളും ഇതിനകം തന്നെ സര്‍ക്കാര്‍ നടപ്പാക്കിയും കഴിഞ്ഞിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് അവശേഷിക്കുന്നവ കൂടി നടപ്പാക്കുമെന്നാണ് സര്‍ക്കാറിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ ജനക്ഷേമ പദ്ധതികളും പ്രതിസന്ധികളില്‍ കേരളത്തെ നയിച്ച കരുത്തുമാണ് ഇപ്പോള്‍ വോട്ടായി ഇടതുപക്ഷത്തിന് തിരികെ ലഭിച്ചിരിക്കുന്നത്. ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്.

Top