പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ഖാന്‍ അധികാരമേറ്റെടുക്കാന്‍ പോവുകയാണ്. ഒരു യുഗപ്പിറവി ഉണ്ടായിരിക്കുന്നു എന്നും സൈന്യം നിയന്ത്രിക്കുന്ന പാവ സര്‍ക്കാറാണ് ഉണ്ടാവുകയെന്നും വ്യത്യസ്തമായ അഭിപ്രായമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നു വരുന്നത്.
2014 ല്‍ നരേന്ദ്ര മോദിക്ക് സമാനമായ സ്വീകാര്യതയാണ് ഇമ്രാന്‍ ഖാന് ലഭിക്കുന്നത് എന്നുവരെ വിലയിരുത്തലുകളുണ്ട്. കാര്യമെന്തായാലും ഇതുവരെ നിലനിന്നിരുന്ന പാരമ്പര്യ അധികാര രാഷ്ട്രീയത്തില്‍ നിന്നും മുക്തി നേടുന്നു എന്ന പ്രതീക്ഷയിലാണ് പാക്കിസ്ഥാന്‍ തെഹ്രീഖ് ഇന്‍സാഫ (പി.ടി.ഐ) വിജയത്തെ പാക്ക് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പില്‍ പിടിഐയ്ക്ക് 116 സീറ്റുകളില്‍ വിജയം കണ്ടെത്താനായി. മുസ്ലീംലീഗ് 64 സീറ്റും പിപിപി 43 സീറ്റും നേടിയ സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പുകള്‍ ശരിയായി അല്ല നടക്കുന്നത് എന്ന പാക് മനുഷ്യാവകാശ കമ്മീഷന്റെയും ഐക്യരാഷ്ട്ര സഭയുടെയും ആപോരണങ്ങള്‍ക്കിടയിലാണ് ഈ വിജയം.
എന്തായാലും ഖാന്‍ ഈ ആഴ്ച അധികാരത്തിലേറും. അതുപോലെ തന്നെ പാര്‍ട്ടി രണ്ടിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കും. പ്രതിപക്ഷപാര്‍ട്ടികള്‍ കടുത്ത വിഭാഗീയതയും സമ്മര്‍ദ്ദവും നേരിടുകയാണ്. അത് തന്നെയാണ് ഇമ്രാന്‍ ഖാന് വഴി എളുപ്പമാക്കിയത്. ഷഹബാസ് ഷരീഫിന്റെ നേതൃത്വത്തില്‍ മുസ്ലീം ലീഗ് കൂടുതല്‍ ദുര്‍ബലമായി എന്ന് വേണം പറയാന്‍.
സിന്ധിലെ അപ്രതീക്ഷിത മുന്നേറ്റം തകര്‍ക്കുന്ന രീതിയിലുള്ള ഒരു നിലപാടും പിപിപിയുടെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പോകുന്നില്ല. 130ല്‍ 74 സീറ്റുകള്‍ നേടിയ ഒറ്റക്കക്ഷിയാണ് ഇവിടെ പിപിപി. അതുകൊണ്ട് തന്നെ മുസ്ലീം ലീഗുമായി മറ്റിടങ്ങളില്‍ ഒരു കൂട്ടുകെട്ടിന് ഇവര്‍ തയ്യാറല്ല. മൂന്ന് പതിറ്റാണ്ട് കാലത്തെ മുസ്ലീംലീഗ് ഭരണമാണ് പിടിഐ പഞ്ചാബില്‍ തകര്‍ത്തത്. 1990ലെ ചരിത്രമാണ് ആവര്‍ത്തിക്കപ്പെടുന്നത്. അന്ന് നവാസ് ഷരീഫിന്റെ സൈന്യം ഇസ്ലാമിക് ജാംഹൂരി ഇത്തിഹാദ് പഞ്ചാബിലെ പിപിപിയുടെ ശക്തി തകര്‍ത്തത് പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ വലിയ സംഭവമായിരുന്നു.
പാക് നാടുവാഴി രാഷട്രീയത്തിന്റെ അന്ത്യമാണോ പുതിയ ഉണര്‍വ്വ് എന്ന് ചോദിച്ചാല്‍ കണക്കുകള്‍ വച്ച് അല്ലെന്ന് പറയണം. കാരണം,പിപിപിയ്ക്ക് 2013ലേതിനേക്കാള്‍ സീറ്റുകള്‍ നേടി.
വംശാവലികളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയത്തേക്കാളും പാകിസ്ഥാന്റേത് പ്രതിരോധ രാഷ്ട്രീയമാണ്. ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ഇഷ്ടാനുസരണം മാറാന്‍ കഴിയുന്ന കുറച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകളെ വച്ച് വലിയൊരു ഉത്തരവാദിത്വം ഖാന് ചെയ്യാന്‍ സാധിക്കുമോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
മറ്റ് പഴയ പാര്‍ട്ടികള്‍ക്കെല്ലാം തങ്ങളുടെ വീഴ്ചകളെ വിചിന്തനം ചെയ്യാനുള്ള അവസരം കൂടിയാണിത്. ഷരീഫ് കുടുംബത്തില്‍ കുടുങ്ങിക്കിടക്കുന്ന പിഎംഎല്‍എന്നിന് അതില്‍ നിന്ന് മുക്തി നേടണം. നേതൃത്വം ഇനിയും മോശമായാല്‍, താഴെക്കിടയിലേക്കുള്ള പരിഗണനകളും പ്രവര്‍ത്തനങ്ങളും മോശമായാല്‍ പിടിഐയ്ക്ക് അത് വീണ്ടും ഗുണം ചെയ്യും. നവാസ് ഷെരീഫിന് മറ്റൊരു അഴിമതിക്കേസു കൂടി താങ്ങാനുള്ള കെല്‍പ്പില്ല സത്യത്തില്‍. പിപിപി അതിന്റെ യുവത്വത്തിന്റെ ശക്തി തിരിച്ചറിഞ്ഞ് നല്ല നേതൃത്വത്തെ കണ്ടെത്തണം.
വലിയ അഴിമതി ആരോപണങ്ങളും പ്രശ്‌നമായിരിക്കുന്ന പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി സൗഹൃദം വര്‍ദ്ധിപ്പിക്കുന്നത് പാകിസ്ഥാന് ഗുണം ചെയ്യും. നയതന്ത്ര കാര്യങ്ങള്‍ അങ്ങേയറ്റം പ്രാധാന്യത്തോടെ പാകിസ്ഥാന്‍ ചെയ്യേണ്ടതാണ്. ഇത് രാജ്യത്തിന്റെ വികസനത്തെ മുന്നോട്ട് നയിക്കും. തന്റെ പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യയുമായി കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാം എന്ന സന്നദ്ധത പ്രകടിപ്പിച്ചത് തന്നെ വലിയ ചുവടുവയ്പ്പാണ്.
ഇമ്രാന് കൂടുതല്‍ ചായ് വ് ചൈനയോടാണ്. പക്ഷേ, സാമ്പത്തിക കാര്യങ്ങള്‍ക്ക് വാഷിംങ്ടണ്‍ വാതിലുകള്‍ മുട്ടാതെ വയ്യ. എന്നാല്‍ തീവ്രവാദ പ്രശ്‌നങ്ങളാണ് അമേരിക്കയുടെ പരിഗണനയിലുള്ളത് . എഎറ്റി പാര്‍ട്ടി ഒരു സീറ്റ് പോലും നേടാത്തത് സത്യമാണെങ്കിലും തീവ്രവാദ സംഘടനകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നത് അമേരിക്കയ്ക്ക് തലവേദനയാണ്.
എഎടിയുടെ പരാജയത്തെ തീവ്രവാദ പരാജയമായി കാണാന്‍ സാധിക്കുമോ? ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ഒരാളെ ഇമ്രാന്‍ ഖാന്‍ എങ്ങനെ നേരിടും? വിവിധ മത പാര്‍ട്ടികള്‍ എല്ലാം കൂടി 4.6 മില്ല്യണ്‍ വോട്ടുകളാണ് നേടിയത്. ഇതൊക്കെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം മനസ്സിലാക്കേണ്ടതാണ്. ഇസ്ലാമിക ക്ഷേമ രാജ്യം കെട്ടിപ്പടുക്കുക എന്ന പുതിയ പ്രധാനമന്ത്രിയുടെ ലക്ഷം ഒരു പക്ഷേ മതതാല്‍പ്പര്യങ്ങളില്‍ കുടുങ്ങിപ്പോയേക്കാം. ക്ഷേമത്തേക്കാള്‍ മതത്തിന് പ്രാധാന്യം നല്‍കേണ്ടി വരുന്നത് ദുരന്തമാകും.
റിപ്പോര്‍ട്ട് : എ.ടി അശ്വതി