ന്യൂഡല്‍ഹി: അസമിലെ ഗുവാഹത്തി റെയില്‍വേ സ്‌റ്റേഷനില്‍ ആറു കിലോ ആനക്കൊമ്പുകളുമായി രണ്ടു പേര്‍ പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) നടത്തിയ പരിശോധനയിലാണ് 35 ലക്ഷം രൂപ വില മതിക്കുന്ന 24 കഷണം ആനക്കൊമ്പുകള്‍ പിടികൂടിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ സുരാജ് കുമാര്‍ ദാസ്, അസമിലെ ഹൊജായ് സ്വദേശി മുഹമ്മദ് ബദറുല്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
നേപ്പാളിലേക്ക് കടത്താനായി കൊണ്ടു വന്ന ആനക്കൊമ്പ് അടങ്ങിയ പാക്കേജ് ബദറുല്‍ ഹുസൈനില്‍ നിന്ന് സുരാജ് കുമാര്‍ കൈപ്പറ്റുമ്പോഴാണ് ഇരുവരും പിടിയിലായത്. ഇതിലൊരാള്‍ റെയില്‍വേയില്‍ കരാര്‍ ജോലിക്കാരനാണ്. പ്രായപൂര്‍ത്തിയായതും അതില്‍ തൊട്ടുതാഴെ പ്രായമുള്ളതുമായ അഞ്ച് ആനകളെ കൊന്നിട്ടാണ് ആനക്കൊമ്പുകള്‍ പ്രതികള്‍ ശേഖരിച്ചതെന്ന് വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഡി.ആര്‍.ഐയുടെ ഓപറേഷന്‍ ജംബോയുടെ ഭാഗമായാണ് നടപടി.