മനേസര്‍: ഗോമാംസം കടത്തിയെന്ന പേരില്‍ രണ്ടുപേരെ ചാണകം കഴിപ്പിക്കുകയും ഗോമൂത്രം കുടിപ്പിക്കുകയും ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ അതിന് ന്യായീകരണവുമായി ഗോരക്ഷ ദള്‍ നേതാവ് ധര്‍മേന്ദ്ര യാദവ്. മാടുകളെ കടത്തിയവരുടെ പാപങ്ങള്‍ പരിഹരിക്കുന്നതാണ് ചാണകം എന്നാണ് യാദവി നായീകരണം
ഗോക്കളെ സംരക്ഷിക്കുന്നതിനായി നിയമം കയ്യിലെടുത്തത് തെറ്റല്ലെന്നാണ് യാദവ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അറവുകാര്‍ ഇത്തരത്തിലുള്ള പരിഗണനയേ അര്‍ഹിക്കുന്നുള്ളുവെന്നും യാദവ് പറയുന്നു.
‘ഹരിയാനയില്‍ ഗോവധം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ ആ നിയമം ലംഘിക്കുന്നു. അങ്ങനെയുള്ളവര്‍ക്ക് ഇത് തന്നെയാണ് വേണ്ടത്.
ഹിന്ദു ആചാരപ്രകാരം ഗോമാതാവ് സ്വന്തം അമ്മയെപ്പോലെയാണ്. ആരെങ്കിലും എന്റെ അമ്മയോട് മോശമായി പെരുമാറിയാല്‍ ഞാന്‍ പൊലീസിനെ വിളിക്കാനായി കാത്തു നില്‍ക്കില്ല’ യാദവ് പറഞ്ഞു.
അതേസമയം സംഭവം കൈവിട്ട് പോകാന്‍ കാരണം പ്രദേശവാസികളുടെ പ്രക്ഷോഭമാണെന്ന് ആരോപിക്കാനാണ് പ്രധാന ശ്രമം. വൈറലായ വീഡിയോയില്‍ റോഡിലിരിക്കുന്ന രണ്ടു പുരുഷന്മാരെയും അവര്‍ക്കു മുന്നില്‍ ചാണകവും ഗോമൂത്രവും കാണാം.
ഗോരക്ഷ ദള്‍ അംഗങ്ങള്‍ അത് കഴിക്കാനായി അവരെ നിര്‍ബന്ധിക്കുന്നതായും ഇത് കഴിക്കുന്നതിനിടയില്‍ ‘ഗോമാതാ കീ ജയ്’, ‘ജയ് ശ്രീറാം’ എന്നിങ്ങനെയും പറയിപ്പിക്കുന്നതായും വീഡിയോയിലുണ്ട്.