കൊച്ചി: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ച പതിനാറ് ബസ് ജീവനക്കാര്‍ പിടിയില്‍. ആറു ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആലുവ പ്രിന്‍സിപ്പല്‍ എസ്.ഐ ടി.ബി വിജയന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് ബസ് ജീവനക്കാരെ പിടികൂടിയത്.
എട്ട് ഡ്രൈവര്‍മാരും എട്ട് കണ്ടക്ടര്‍മാരും പിടിയിലായി. മദ്യപിച്ച ഡ്രൈവര്‍മാര്‍ക്കും പകരം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും എത്തിയതിനെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച ശേഷം ബസുകള്‍ വിട്ടുകൊടുത്തു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ ബസുകള്‍ വിട്ടുകൊടുത്തതിനാല്‍ ബസ് സര്‍വീസുകളെ നടപടി കാര്യമായി ബാധിച്ചില്ല.
ഡിവൈ.എസ്.പി: വൈ.ആര്‍.റസ്റ്റത്തിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നഗരത്തില്‍ വാഹന പരിശോധന നടത്തിയത്. ഞായറാഴ്ചകളില്‍ വൈകിട്ടുള്ള സര്‍വീസ് റദ്ദാക്കല്‍, യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം എന്നിവയ്‌ക്കെതിരെയും പരാതിയുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി ആലുവയില്‍ ബസ് ജീവനക്കാര്‍ മദ്യപിച്ച് സര്‍വീസ് നടത്തുന്നുവെന്ന് നാട്ടുകാര്‍ക്കിടയില്‍ പരാതി നില നില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരില്‍ ഒരാള്‍പരാതിപ്പെട്ടതാണ് പുലര്‍ച്ചെ മിന്നല്‍ പരിശോധന നടത്താന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.