ന്യൂഡല്‍ഹി: വിമാനയാത്ര ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം ജൂണ്‍ മൂന്നു മുതല്‍ പ്രബല്യത്തില്‍ വരും. പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിജിസിഎ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനില്‍ കുമാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര വ്യോമയാന മന്ത്രാലയം മേയ് 26ന് രൂപീകരിച്ച വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 12 മാര്‍ഗനിര്‍ദേശങ്ങളാണു പുറത്തിറക്കിയത്. മൂന്നു പാളിയുള്ള സര്‍ജിക്കല്‍ മാസ്‌ക്, മുഖം മറയ്ക്കുന്ന ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ കിറ്റ് എല്ലാ യാത്രക്കാര്‍ക്കും വിമാന കമ്പനി നല്‍കണം.
യാത്രക്കാരുടെ എണ്ണവും സീറ്റുകളും പരിഗണിക്കുമ്പോള്‍ സാധ്യമെങ്കില്‍ രണ്ടു യാത്രക്കാര്‍ക്കിടയിലുള്ള ഒരു സീറ്റ് ഒഴിച്ചിടണം. ഒരേ കുടുംബത്തിലുള്ളവരാണെങ്കില്‍ ഒരുമിച്ചിരിക്കാന്‍ അനുവദിക്കാം. യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ഇടയിലുള്ള സീറ്റ് ഒഴിച്ചിടാനാവില്ലെങ്കില്‍ കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയം അംഗീകരിച്ച അധിക സുരക്ഷാ ഉപകരണം കൂടി നടുവിലെ സീറ്റിലിരിക്കുന്നവര്‍ക്കു നല്‍കണം. ആരോഗ്യ കാരണങ്ങളാലുണ്ടാകുന്ന സാഹചര്യത്തിലല്ലാതെ വിമാനത്തില്‍ ഭക്ഷണമോ കുടിവെള്ളമോ വിതരണം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.