ബെംഗളൂരു: ദളിതുകള്‍ വെള്ളമെടുക്കാതിരിക്കാന്‍ കിണറില്‍ എന്‍ഡോസള്‍ഫാന്‍ ഒഴിച്ച് വെള്ളം ഉപയോഗിക്കുന്നത് തടസപ്പെടുത്തി.
ഉത്തര കര്‍ണാടകയിലെ ചാനൂര്‍ ഗ്രാമത്തിലാണ് സംഭവം. ഉന്നത ജാതിയില്‍പെട്ടവരാണ് ഇതിന് പിന്നിലെന്ന് ദളിതുകള്‍ ആരോപിക്കുന്നു.
ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള ഈ കിണറിൽ നിന്നാണ് ദളിതുകള്‍ വെള്ളം എടുക്കുന്നത്.ഏഴ് കിണറുകള്‍ ഗ്രാമത്തില്‍ വേറെയുണ്ടെങ്കിലും ഉന്നതജാതിക്കാരാണ് അവ ഉപയോഗിക്കുന്നത്.
ദളിതുകളുടെ ഉടമസ്ഥതിയിലാണ് സ്ഥലമെങ്കിലും നാല് വര്‍ഷം മുമ്പ് ഉന്നത ജാതിയില്‍പെട്ട ഒരാള്‍ സ്ഥലം പാട്ടത്തിന് എടുക്കുകയായിരുന്നു.
തുടര്‍ന്ന് വെള്ളം കൊണ്ടുപോകുന്നത് വിലക്കി. പിന്നീട് കിണറ്റില്‍ പമ്പ്‌സെറ്റ് വെച്ച് വെള്ളം ഉപയോഗിച്ചുവരികയായിരുന്നു.
ഗ്രാമത്തില്‍ രണ്ടുദിവസമായി വൈദ്യുതിയില്ലാത്തതിനാല്‍ മഹാന്ദപ്പ എന്ന ദളിത് യുവാവ് കിണറില്‍ നിന്ന് വെള്ളം കോരിയപ്പോഴാണ് നിറവ്യത്യാസം പ്രകടമായത്.
പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയിലാണ് കിണറില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്.
കിണറിലെ വെള്ളം പൂർണമായും ഒഴിവാക്കിയാണ് എന്‍ഡോസള്‍ഫാന്‍ വിഷം നീക്കം ചെയ്തത്.
ഈ സമയത്ത് സ്ഥലത്തെ മറ്റു കിണറുകളില്‍ നിന്ന് വെളളമെടുക്കാന്‍ ഇവരെ ഉന്നത ജാതിക്കാര്‍ അനുവദിച്ചതുമില്ല. പിന്നീട് ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.