രാജാക്കാട് (ഇടുക്കി): ശാന്തന്‍പാറ റിജോഷ് കൊലപാതകക്കേസില്‍ പ്രതി നസിം സ്വീകരിച്ചത് ദൃശ്യം മോഡല്‍. കുഴിച്ചിട്ടത് റിജോഷിന്റെ മൃതദേഹമാണെന്നത് മറയ്ക്കാന്‍ ചത്ത പശുക്കുട്ടിയെ ആണ് കുഴിച്ചിട്ടതെന്നായിരുന്നു വസീം പറഞ്ഞു വിശ്വസിപ്പിച്ചത്.
പാതി കത്തിയ റിജോഷിന്റെ മൃതദേഹം കുഴിച്ചിട്ട ശേഷം താന്‍ ചത്ത പശുവിനെ കുഴിച്ചിട്ടെന്നും ഈ ഭാഗത്ത് കുറച്ച് മണ്ണുകൂടി ഇടണമെന്ന് സമീപവാസിയായ മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം നിര്‍ദേശിച്ചിരുന്നു. മണ്ണിട്ടില്ലെങ്കില്‍ ദുര്‍ഗന്ധം പുറത്തുവരുമെന്നും വസീം ജെസിബി ഓപ്പറേറ്ററോട് പറഞ്ഞിരുന്നു.
ഫാമില്‍ പശുക്കള്‍ ഉള്ളതിനാല്‍ തന്നെ ജെസിബി ഓപ്പറേറ്റര്‍ക്ക് മറ്റുസംശയങ്ങള്‍ ഒന്നും തോന്നിയില്ല. കഴിഞ്ഞ ശനിയാഴ്ച മുഴുവന്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത ഭാഗം പൂര്‍ണമായും മണ്ണിട്ടുമൂടി. ഇതിന് വസീം കൂലി നല്‍കുകയും ചെയ്തതായി ജെസിബി ഓപ്പറേറ്റര്‍ പറയുന്നു.ഫാം ഹൗസിന് 100 മീറ്റര്‍ അകലെ ജലസംഭരണിക്ക് സമീപം ആറടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫാം ഹൗസ് ജീവനക്കാരനായ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെ ഉടമ വസീം കൊലപ്പെടുത്തുകയായിരുന്നു. റിജോഷിന്റെ മൃതദേഹം കണ്ടെത്തിയ ശേഷം അന്വേഷണം നടക്കുന്നതിനിടെ, റിജോഷിനെ കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമുള്ള വസീമിന്റെ കുറ്റസമ്മത വീഡിയോ പുറത്തുവന്നു. വസീം സഹോദരനയച്ച വീഡിയോസന്ദേശം പോലീസിന് കൈമാറി.
റിജോഷിനെ കാണാതായതിന്റെ അഞ്ചാംദിവസം മുതല്‍ ഭാര്യ ലിജി(29) യെയും മകള്‍ ജോവാന(രണ്ട്)യെയും കാണാതായിരുന്നു.