കൊല്ലത്ത് പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം

കൊല്ലം: അഞ്ചലില്‍ മില്‍മ വാന്‍ ഡ്രൈവര്‍ക്ക് കാര്‍ യാത്രക്കാരായ അക്രമികളുടെ ക്രൂരമര്‍ദനം. കാര്‍ യാത്രക്കാരായ മൂന്നു പേര്‍ ചേര്‍ന്നാണ് കടവൂര്‍ സ്വദേശി സജീവിനെ മര്‍ദിച്ചത്. പാല്‍ വിതരണ വണ്ടിയില്‍ അക്രമികളുടെ കാര്‍ തട്ടിയത് ചോദിച്ചതാണ് മര്‍ദനത്തിന് കാരണം.

സംഘം ചേര്‍ന്ന് ഒരാളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കൊല്ലം അഞ്ചല്‍ ചന്തമുക്കില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് ശേഷമാണ് സംഭവം. പനയഞ്ചേരിയില്‍ വച്ച് സജീവ് ഓടിച്ചിരുന്ന വാനില്‍ അക്രമികളുടെ കാര്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. പിന്നീട് അതേ കാര്‍ ചന്തമുക്കില്‍ വച്ച് കണ്ടെത്തിയപ്പോള്‍ സജീവ് കാര്യം പറഞ്ഞു.

പാല്‍വണ്ടിയുടെ ലൈറ്റ് തകര്‍ന്നത് കാണിച്ചു കൊടുത്തു. വണ്ടി ഇടിച്ചാല്‍ എന്തു ചെയ്യുമെന്ന് ചോദിച്ചായിരുന്നു അക്രമികള്‍ മര്‍ദിച്ചതെന്ന് സജീവ് പറയുന്നു. സജീവിന്റെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

അഞ്ചല്‍ സ്വദേശികളായ ശ്യാം, സിറാജ് എന്നിവരാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം തേവള്ളിയിലെ മില്‍മ ഡയറിയില്‍ നിന്ന് കവര്‍പാല്‍ വിതരണത്തിനാണ് കരാര്‍ ഡ്രൈവറായ സജീവ് അഞ്ചലിലെത്തിയത്. പരുക്കേറ്റ സജീവ് ആശുപത്രിയില്‍ ചികില്‍സ തേടി.

 

Top