കോഴിക്കോട്: പ്രതിദിന ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം 50 എണ്ണമാക്കി കുറച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശത്തിനെതിരേ ശക്തമായ പ്രതിഷേധം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിച്ചു. ഡ്രൈവിങ്ങ് ലൈസന്‍സ് നേടിയ ശേഷം വിദേശത്ത് പോകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ തിരിച്ചടി നേരിടുകയാണ്.
ഒരു വര്‍ഷം 350 കോടി രൂപയാണ് പുതിയ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഫീസായി മാത്രം കേരള സര്‍ക്കാരിലേക്ക് ലഭിക്കുന്നത്. ഇവിടെ എണ്ണം കുറയ്ക്കുന്ന നടപടിയുണ്ടായാല്‍ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലൈസന്‍സ് നേടുന്ന സാഹചര്യമുണ്ടാകും. ദിവസേന ആയിരക്കണക്കിന് വാഹനം ഇറങ്ങുന്ന സമയത്ത് ലൈസന്‍സുകള്‍ ലഭിക്കുന്നില്ലെങ്കില്‍ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇതുവഴി ലൈസന്‍സ് ഫീസ് ഇനത്തിലെ പണം കൂടി സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെടുമെന്നും അഷറഫ് പറഞ്ഞു.1500-ല്‍ അധികം രൂപ ലൈസന്‍സ് എടുക്കുന്നതിനായി ഫീസ് അടച്ച മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവില്‍ ടെസ്റ്റ് എടുക്കാനെത്തുന്ന ആളുകളോടാണ് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ഈ നടപടിയെന്ന് എ.കെ.എം.ഡി.എസ്. സ്റ്റേറ്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് അഷറഫ് നരിമുക്കില്‍ കുറ്റപ്പെടുത്തി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സ് എടുക്കാം. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മാത്രം ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുകയും എണ്ണം കുറയ്ക്കുകയും ചെയ്യുന്ന നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് ആര്‍.ടി.ഓഫില്‍ വ്യാഴാഴ്ച രാവിലെ 165 ആളുകളാണ് ലൈസന്‍സ് ടെസ്റ്റിനായി എത്തിയിരിക്കുന്നത്. എന്നാല്‍, മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് 50 പേര്‍ക്ക് മാത്രമാണ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്. ഇവിടെ എത്തിയിരിക്കുന്ന 165 ആളുകളില്‍ ഏത് 50 പേരെയാണ് ടെസ്റ്റിന് എടുക്കുന്നത്. എന്ത് മാനദണ്ഡമായിരിക്കും ആളുകളെ തിരഞ്ഞെടുക്കുകയെന്നും ഡ്രൈവിങ്ങ് സ്‌കൂള്‍ അധികൃതര്‍ ചോദിച്ചു. അത് കൂടി മന്ത്രിയും ഉദ്യോഗസ്ഥരും പറയണമെന്നും ഡ്രൈവിങ്ങ് സ്‌കൂളുകാര്‍ ആവശ്യപ്പെട്ടു.മെയ് ഒന്ന് മുതല്‍ പുതിയ പരിഷ്‌കാരം നടപ്പാക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരുന്നത്. എന്നാല്‍, ബുധനാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇന്നുമുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റുകള്‍ 50 പേര്‍ക്കായി പരിമിതപ്പെടുത്തിയെന്ന തീരുമാനം സ്വീകരിച്ചത്. ഡ്രൈവിങ്ങ് ടെസ്റ്റില്‍ വരുത്തിയ പരിഷ്‌കാരങ്ങളില്‍ ഇളവ് വേണമെന്ന് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്ന് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ അറിയിച്ചു.