വാഷിങ്ടണ്‍:ബാള്‍ട്ടിമോര്‍ നിവാസിയായ നാല്‍പ്പതുകാരിക്ക് ശസ്ത്രക്രിയക്കുള്ള വൃക്ക എത്തിച്ച് നല്‍കി കുഞ്ഞന്‍ ഡ്രോണ്‍. അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വ്വകലാശാലയിലാണ് സംഭവം. വൃക്ക പരിപാലനത്തിനും നിരീക്ഷണത്തിനുമായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡ്രോണ്‍ ആണ് എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്കായി സഹായിച്ചത്.
മേരിലാന്‍ഡ് സര്‍വകലാശാല ഗവേഷകരും ഡോക്ടര്‍മാരും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റ് സൈറ്റ് എന്‍ജിനീയര്‍മാരും ചേര്‍ന്ന് നടത്തിയ പരീക്ഷണമാണ് ഇതിലൂടെ വിജയം കണ്ടത്. നൂതന സാങ്കേതിക വിദ്യയിലൂടെ തയ്യാറാക്കിയ ഡ്രോണ്‍ മൂന്നു മയിലുകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ദൗത്യത്തിന് മുന്നോടിയായി രക്തക്കുഴലുകളും പൂര്‍ണ ആരോഗ്യമുള്ള എന്നാല്‍ മാറ്റിവെക്കാന്‍ സാധ്യമല്ലാത്ത മറ്റൊരു കിഡ്‌നിയും എത്തിച്ച് പരീക്ഷണം നടത്തിയിരുന്നു. സാങ്കേതിക രംഗത്തെ ഈ നൂതന ആശയം ശാസ്ത്ര ലോകത്തിന് വേറിട്ട സഹായമാവുമെന്നാണ് കണക്കാക്കുന്നത്.