പാലക്കാട്: കാലം മാറുന്നതനുസരിച്ച് ടെക്‌നോളജിയും മാറികൊണ്ടിരിക്കുന്നു . കൃഷിയിടത്തില്‍ പോലും പുതിയ ടെക്‌നോളജി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് പാലക്കാടുകാര്‍. ഇനി കൃഷിയിടങ്ങളില്‍ വിളവ് ഉറപ്പുവരുത്തുന്നത് ഡ്രോണുകളാണ്.
പാലക്കാട് ആലത്തൂരിലെ നെല്‍പ്പാടങ്ങളിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ജൈവ കീടനാശിനികള്‍ തളിച്ച് തുടങ്ങിയത്. ട്രാക്ടറുകള്‍ക്കും മറ്റും പകരമായാണ് ആധുനിക ഡ്രോണുകള്‍ ഉപയോഗിക്കുന്നത്.
കേരളത്തില്‍ നെല്‍കൃഷി ചെയ്യാനൊന്നും ഇപ്പോള്‍ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. ആ സാഹചര്യത്തിലാണ് കര്‍ഷകര്‍ ടെക്‌നോളജിയെ ആശ്രയിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച് മിനിറ്റുകള്‍ കൊണ്ട് ജൈവ കീടനാശിനികള്‍ അടിക്കുന്ന ജോലി തീര്‍ക്കാമെന്നാണ് വിദഗ്ധരും പറയുന്നത്.
ഒരു ഡ്രോണ്‍ പത്ത് മിനിറ്റ് കൊണ്ട് ഒരു ഏക്കര്‍ നെല്‍വയലില്‍ കീടനാശിനി വളപ്രയോഗം നടത്തും. സാധാരണ ഇതിന് 100 ലിറ്റര്‍ വെള്ളം വേണമെങ്കില്‍ ഡ്രോണിന് 20 ലിറ്റര്‍ മതി. ഇതിലൂടെ കൃത്യ അളവില്‍ മൂലകങ്ങള്‍ ചെടികള്‍ക്ക് ആഗിരണം ചെയ്യാനാവുമെന്ന് തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അധികൃതരും വ്യക്തമാക്കി. ഇവിടെ പരീക്ഷണം നടത്തിയ ഡ്രോണുകളാണ് വയലുകളില്‍ ഇറക്കിയിരിക്കുന്നത്.
ഇവയില്‍ മാപ്പിങ് സിസ്റ്റവും, സെന്‍സര്‍ സംവിധാനവും ഉള്‍പ്പടെയുണ്ട്. ആലത്തൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെയും, നിറ ഹരിത മിത്ര സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിരിക്കുന്നത്.